rahu
രാഹുൽ ഗാന്ധി എസ്.പി.ജി വലയത്തിൽ

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ പ്രചാരണത്തിനിറങ്ങുമ്പോൾ കേന്ദ്ര സേനകളുടെയും പൊലീസിന്റെയും സുരക്ഷാകോട്ട തന്നെ ഉയരും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാഹുലിന് 36 അംഗ എസ്.പി.ജി കമാൻഡോ സുരക്ഷയുണ്ട്. വോട്ടു തേടാനിറങ്ങുമ്പോഴും ഈം സംഘം ഒപ്പമുണ്ടാകും.

രാഹുലിന്റെ യാത്രകൾ, പ്രചാരണം, പ്രസംഗവേദികൾ, താമസം എന്നിവയെല്ലാം എസ്.പി.ജിയാണ് തീരുമാനിക്കുക. വയനാട്ടിലെ ഏക ഹെലിപ്പാഡായ സുൽത്താൻ ബത്തേരിയിലെ കുപ്പാടിയിലാവും രാഹുലിന്റെ ഹെലികോപ്ടർ ഇറക്കുക.

മണ്ഡലത്തിൽപെട്ട മാനന്തവാടി, കൽപ്പറ്റ, സുൽത്താൻബത്തേരി, തിരുവമ്പാടി, നിലമ്പൂർ, വണ്ടൂർ, ഏറനാട് എന്നിവിടങ്ങളെല്ലാം മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളാണ്. 2016 നവംബറിൽ നിലമ്പൂർ കരുളായി വനത്തിൽ തണ്ടർബോൾട്ട് വെടിവയ്പിൽ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജും അജിതയും ഈ മാസമാദ്യം ഹോട്ടലിലെ വെടിവയ്പിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലും കൊല്ലപ്പെട്ടു. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകൾ മാവോയിസ്റ്റുകളുടെ തീവ്രസാന്നിദ്ധ്യമുള്ള പട്ടികയിലുണ്ട്.

മാവോയിസ്റ്റുകളുടെ ഏറ്റവും സുരക്ഷിത ഒളിത്താവളമാണ് വയനാട് ഉൾപ്പെടുന്ന കേരളം-കർണാടകം-തമിഴ്നാട് അതിർത്തി വനമേഖല. ഉന്നത നേതാക്കൾ ഇവിടെ ഒളിവിലുണ്ടെന്നാണ് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ്. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിന്റെ വീട് സന്ദർശിക്കാൻ മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ പശ്ചാത്തലത്തിൽ രാഹുലിന് എസ്.പി.ജി അനുമതി നിഷേധിച്ചിരുന്നു.

മണ്ഡലത്തിലുടനീളം നേരിട്ടെത്തി വോട്ടുചോദിക്കാൻ രാഹുൽഗാന്ധിക്ക് സുരക്ഷാകാരണങ്ങളാൽ കഴിഞ്ഞേക്കില്ല. പ്രചാരണപരിപാടികൾക്ക് മുന്നോടിയായി കുഴിബോംബ് കണ്ടെത്താനും കാട്ടിലെ തെരച്ചിലിനും പ്രത്യേക പരിശീലനം നേടിയ കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കും. തണ്ടർബോൾട്ട് കമാൻഡോകളും എലൈറ്റ് കമാൻഡോകളും സഹായത്തിനുണ്ടാകും.

ബൂത്തുകളെല്ലാം സെൻസിറ്രീവ്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നൂറിലെറെ തീവ്രപ്രശ്‌നബാധിത ബൂത്തുകളുണ്ടായിരുന്നു. തലപ്പുഴ, തിരുനെല്ലി, കേണിച്ചിറ, പുൽപ്പള്ളി, മലപ്പുറത്തെ വഴിക്കടവ്, പോത്തുകൽ, കാളികാവ്, കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനുകൾക്കും ഫോറസ്റ്റ് ഒാഫീസുകൾക്കും മാവോയിസ്റ്റ് ഭീഷണിയുണ്ട്. കാളികാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽമാത്രം പതിനൊന്നു ബൂത്തുകളിൽ ആക്രമണ ഭീഷണിയുണ്ട്. ഇത്തവണ വി.വി.ഐ.പി സ്ഥാനാർത്ഥിയായതിനാൽ മണ്ഡലത്തിലെ എല്ലാ ബൂത്തുകളും സെൻസിറ്രീവ് ആയി കണക്കാക്കും. വീഡിയോഗ്രഫി, വെബ്‌കാസ്‌റ്റിംഗ്‌ എന്നിവ സജ്ജമാക്കും. അതീവപ്രശ്‌ന സാദ്ധ്യതയുള്ള എ ഗാറ്റഗറി ബൂത്തിൽ നാലും, ബി വിഭാഗം ബൂത്തിൽ രണ്ടും കേന്ദ്ര സേനാംഗങ്ങളെ പൊലീസിനൊപ്പം ഡ്യൂട്ടിക്കിടും.

''പ്രചാരണ കാലത്ത് എസ്.പി.ജി സുരക്ഷയിലാവും രാഹുൽ. പൊലീസ് ആവശ്യമായ സഹായം നൽകും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കും.''

ലോക്‌നാഥ് ബെഹ്റ,

പൊലീസ് മേധാവി