02

വർക്കല: വർക്കല നഗരസഭയുടെ റോഡിനിരുവശവും മാലിന്യം തള്ളുന്നത് പതിവാകുന്നു.

ഒട്ടുമിക്ക റോഡുകളും മാലിന്യക്കളമായി.തിരക്കൊഴിഞ്ഞ ഇടങ്ങളും റെയിൽവേ പുറമ്പോക്കുകളുമാണ് മാലിന്യം തള്ളാനായി തെരഞ്ഞെടുക്കുന്നത്. ഹോട്ടലുകൾ ,ബേക്കറികൾ, കല്ല്യാണ ആഡിറ്റോറിയം, റിസോർട്ടുകൾ , പൗൾട്രി ഫാമുകൾ എന്നിവിടങ്ങളിൽ നിന്നുളള മാലിന്യങ്ങളാണ് പാതയോരങ്ങളിൽ തള്ളുന്നത്. പലയിടത്തും മാലിന്യം ചീഞ്ഞ് ദുർഗന്ധം വമിക്കുകയാണ് . നാട്ടുകാർ വർക്കല നഗരസഭാധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ല. തച്ചൻ കോണം സർവീസ് സ്റ്റേഷന് സമീപത്തെ കാടുപിടിച്ച പുരയിടം മാലിന്യ കേന്ദ്രമാണ് .തച്ചൻ കോണം വാര്യ വീട് റോഡിലും സ്ഥിരമായി മാലിന്യം തള്ളുന്നുണ്ട് .തച്ചൻ കോണത്ത് നിന്ന് റോഡ് തുടങ്ങുന്ന ഭാഗത്തെ ഇടുങ്ങിയ സ്ഥലത്താണ് ഇപ്പോൾ മാലിന്യം തള്ളുന്നത്. പാപനാശം മേഖലയിലെ റിസോർട്ടുകളും കടലോരവും കേന്ദ്രീകരിച്ച് മാലിന്യ നിക്ഷേപം വ്യാപിച്ചത് ടൂറിസ്റ്റുകൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. വർക്കലയിൽ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ചില സംഘങ്ങൾക്ക് കരാർ നൽകുകയാണ് പതിവ് . എന്നാൽ കരാർ ഏറ്റെടുക്കുന്ന ഇക്കൂട്ടർ രാത്രിയുടെ മറവിൽ പൊതുനിരത്തിൽ മാലിന്യം ഉപേക്ഷിച്ച് തടിതപ്പുന്നു . ഇത്തരം സംഘത്തിലെ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. എന്നാൽ ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിനും കഴിഞ്ഞില്ല. നഗരസഭ പരിധിയിൽ ഇത്തരം മാലിന്യ നിഷേപം വ്യാപകമാകുമ്പോഴും നഗരസഭാ ഭരണ സമിതി പുറംതിരിഞ്ഞ് നിൽക്കുകയാണ്.മാലിന്യ നിക്ഷേപത്തിനുപുറമേ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുനിരത്തിൽ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവായിട്ടുണ്ട്. നഗരത്തെ പ്ലാസ്റ്റിക്ക് മാലിന്യ രഹിതമാക്കാൻ ബീക്കൺ പ്രോജക്ടിൽ വീടുകളും സ്ഥാപനങ്ങളും പങ്കാളികളായി മാറുന്നതിനിടയിലാണ് റോഡിൽ പ്ളാസ്റ്റിക് കുന്നു കൂടുന്നത്.

മാലിന്യം തള്ളാൻ മൊത്തമായി ക്വട്ടേഷൻ എടുക്കുന്ന സംഘങ്ങൾ മേഖലയിൽ വിഹരിക്കുകയാണ്.അർത്ഥ രാത്രിയിൽ മാലിന്യം നീക്കം ചെയ്യാനെത്തുന്ന ഇക്കൂട്ടർ റോഡിലും ആളൊഴിഞ്ഞതും കാട് പിടിച്ചതുമായ സ്ഥലങ്ങളിലും നിക്ഷേപിക്കുകയാണ് പതിവ്.വിവിധ തരം മാലിന്യങ്ങൾക്ക് വ്യത്യസ്ഥ നിരക്കാണ് ഏർപ്പെടുത്തുന്നത്.പൗൾട്രിഫാം വേസ്റ്റ്,ഇറച്ചിവേസ്റ്റ് എന്നിവയ്ക്കാണ് നല്ല തുക ഈടാക്കുന്നത്.

 കത്തിക്കരുതേ..

പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുക ശ്വാസകോശാർബുദവും ഹൃദ്രോഗവുമുണ്ടാക്കുന്നതായാണ് കണ്ടെത്തൽ.വീടുകളിലും പൊതുസ്ഥലങ്ങളിലും ചെറിയതോതിൽ പ്ലാസ്റ്റിക് കത്തിച്ചാൽപ്പോലും മാരകമായ ആരോഗ്യപ്രശ്നമുണ്ടാകും.

പുക ശ്വസിക്കുന്നവർക്ക് ഹൃദ്രോഗസാദ്ധ്യതയും ഹൃദയാഘാതസാദ്ധ്യതയും കൂടും. ആസ്ത്മ, എംഫസീമ, ബ്രോങ്കൈറ്റിസ്, ശ്വാസകോശാർബുദം എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറന്തള്ളപ്പെടുന്ന ഡയോക്സിൻ എന്ന രാസവസ്തു ശ്വാസകോശത്തിൽ അണുബാധയുണ്ടാക്കും. കരൾ, വൃക്ക, ഞരമ്പ് എന്നിവയ്ക്കും ദോഷമാണ്.

ഈ റോഡുകളിൽ മാലിന്യ നിക്ഷേപം തുടരുന്നു

മൈതാനം റൗണ്ട് എബോട്ട്

 ക്ഷേത്രം റോഡ്

 ഗസ്റ്റ് ഹൗസ് പരിസരം

 മുണ്ടയിൽ റോഡ്

പുന്നമൂട് മാർക്കറ്റ് റോഡ്

ശിവഗിരി റോഡ്

ചെറുകുന്നം ഗുഡ് ഷെഡ് റോഡ്

പുത്തൻ ചന്ത

രാമന്തളളി -കണ്ണംമ്പ

വർക്കല നഗരസഭ പരിധിയിൽ മാലിന്യങ്ങൾ പൊതുനിരത്തിൽ വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം . ഇക്കാര്യത്തിൽ പൊലീസിന്റെയും നഗരസഭാ അധികൃതരുടെയും ഇടപെടൽ അനിവാര്യമാണ് .

അഡ്വ. എസ്.കൃഷ്ണകുമാർ

യു.ഡി.എഫ് വർക്കല നിയോജകമണ്ഡലം ജനറൽ കൺവീനർ

ഫോട്ടോ: വർക്കല നഗരത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടുവന്ന് തളളിയപ്പോൾ