plant

കാട്ടാക്കട: കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് സമീപത്തെ മാർക്കറ്റ് റോഡിൽ (പാരീസ് തെരുവ്) ഗ്രാമ പഞ്ചായത്ത് നിർമ്മിക്കുന്ന മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരേ പ്രതിഷേധം ശക്തം. രണ്ടാഴ്യ്ക്ക് മുൻപ് ഇവിടത്തെ റോഡിൽ പ്ലേറ്റ്ഫോം സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രദേശവാസികളും കാട്ടാക്കട ഠൗൺ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന് നിർമ്മാണം തടഞ്ഞിരുന്നു.

പ്രധാനപ്പെട്ട പൊതു വഴിയിൽ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ചാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് കാണിച്ച് ഇതിനോടകം പലനിവേദനങ്ങളും പഞ്ചായത്തിന് നൽകി. ഇതേത്തുടർന്ന് പ്ലാന്റിന്റെ നിർമ്മാണം നിറുത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ 6 ഓടെ വീണ്ടും നിർമ്മാണം തുടങ്ങി. ഇതോടെ പ്രതിഷേധവുമായി പരിസരവാസികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഇടവക ഭാരവാഹികളും രംഗത്തെത്തി. കാട്ടാക്കട ഇൻസ്പെക്ടർ ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം കാട്ടാക്കട സി.എസ്.ഐ.ഇടവക വികാരി ഫാ.സി.ആർ.വിൽസൺ, ബി.ജെ.പി.മണ്ഡലം സെക്രട്ടറി ഹരികുമാർ, ടൗൺ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കാട്ടാക്കട മാഹീൻ, സെക്രട്ടറി ഗ്ലാഡ്സ്റ്റൺ തുടങ്ങിയർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരുമായി ചർച്ച നടത്തിയതോടെ പ്ലാന്റിന്റെ നിർമ്മാണം വീണ്ടും നിറുത്തിവച്ചു.

അനുദിനം വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ഈ റോഡ് വികസനം നടത്തിയാലേ മതിയാകൂ. ഈ സാഹചര്യത്തിൽ ഇവിടെ റോഡ്സൈഡിൽ പ്ലാന്റ് സ്ഥാപിച്ചാൽ റോഡ് വികസനം അട്ടിമറിക്കപ്പെടുമെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ഇടവക വിശ്വാസികളും പറയുന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, പി.ആർ.വില്യം ഹയർ സെക്കൻഡറിസ്കൂൾ, വിവിധ പാരലൽ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, മാർക്കറ്റിലേയ്ക്ക് പോകുന്ന ആളുകൾ, സമീപത്തെ സി.എസ്.ഐ ചർച്ചിൽ എത്തുന്ന വിശ്വാസികൾ തുടങ്ങി ദിനം പ്രതി ആയിരങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.

ക്രിസ്ത്യൻ കോളേജിന് സമീപത്തായി ഉണ്ടായിരുന്ന ആളുകൾ തിങ്ങിപ്പാർത്തിരുന്ന പാരീസ് തെരുവ് അന്നത്തെ കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജി. സ്റ്റീഫന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുകയും ഇതുവഴി റോഡ് നിർമ്മിക്കുകയും ചെയ്തു. അന്ന് ഇവിടെ നിന്നും ഒഴിപ്പിച്ചവർക്ക് മന്ത്രിയായിരുന്ന കെ.ഇ. ഇസ്മായിൽ സർക്കാരിൽ നിന്നും പുനരധിവാസത്തിന് സ്ഥലം വാങ്ങാൻ ഫണ്ട് അനുവദിക്കുകയും ജില്ലാ പഞ്ചായത്ത്, കോളേജ് മാനേജ്മെന്റ്, വ്യാപാരിവ്യവസായികൾ തുടങ്ങിയവരുടെ സഹായത്തോടെ കൊല്ലകോണത്ത് വീടുകൾ പണിപൂർത്തിയാക്കി അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നയനാർ താക്കോൽദാനം നടത്തുകയും ചെയ്തു. നിർധനരും ഭൂരഹിതരുമായ പാരീസ് കോളനിയിലെ 30കുടുംബങ്ങൾക്ക് സ്വന്തമായി കിടപ്പാടം ലഭിച്ചു. ഇപ്പോൾ ഈ സ്ഥലത്താണ് ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിച്ചത്.