തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർത്ഥിയായി ശോഭാസുരേന്ദ്രൻ കൂടി എത്തിയതോടെ ആറ്റിങ്ങൽ ലോക്‌സഭാമണ്ഡലത്തിലെ മത്സരത്തിന്റെ നേർചിത്രം തെളിഞ്ഞു. പോരാട്ടത്തിന് മൂർച്ച കൂട്ടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് സ്ഥാനാർത്ഥികളും മുന്നണികളും.
മൂന്ന് മുന്നണികളുടെയും പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നത് ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിലായിരുന്നു. മൂന്ന് കൺവെൻഷനുകളിലും കണ്ട വലിയ ജനപ്രാതിനിധ്യം ശക്തമായ മത്സരത്തിന്റെ സൂചനയാണ്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി തുടക്കം മുതൽ കേട്ടിരുന്നത് നിലവിലെ എം.പി ഡോ. എ. സമ്പത്തിന്റെ പേരായിരുന്നതിനാൽ പ്രചാരണത്തിൽ ഒരു പടി മുന്നിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഏഴ് അസംബ്ളി മണ്ഡലങ്ങളിലും ഒന്നിലധികം തവണ ചുറ്റിക്കറങ്ങിയ സമ്പത്ത് ഔദ്യോഗിക മണ്ഡല പര്യടനം ഇന്നലെ തുടങ്ങി. വർക്കല മണ്ഡലത്തിലെ ഇടവ പഞ്ചായത്തിൽ കാപ്പിൽ ജംഗ്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പര്യടനം ഉദ്ഘാടനം ചെയ്‌തത്. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി, വി. ജോയി എം.എൽ.എ, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. ചെമ്മരുതി പഞ്ചായത്തിലെ പനയറയിലായിരുന്നു ഇന്നലത്തെ പര്യടന സമാപനം. ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിലാണ് പര്യടനം.
ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് അടൂർ പ്രകാശ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആറ്റിങ്ങലിലെത്തുന്നത്. തിരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിയ ഘട്ടത്തിൽ അടൂർ പ്രകാശിന്റെ പേർ ഉയർന്ന് കേട്ടിരുന്നു. അദ്ദേഹം ചില ഗ്രൗണ്ട് വർക്കുകൾ നടത്തുകയും ചെയ്‌തു. പിന്നീട് ഈ ചർച്ചകൾക്ക് വിരാമമായെങ്കിലും ഒടുവിൽ അദ്ദേഹം തന്നെ എത്തുകയായിരുന്നു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഒരു ഓട്ട പ്രദക്ഷിണം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ മണ്ഡല പര്യടനത്തിന്റെ രൂപരേഖയാവും. എല്ലാ തട്ടിലുമുള്ള നേതാക്കളും പ്രവർത്തകരും കൂടുതൽ സജീവമായതാണ് പ്രകാശിന്റെ ആത്മവിശ്വാസം ഉയർത്തുന്നത്.
ബി.ജെ.പിയുടെ കാര്യവും വ്യത്യസ്‌തമായിരുന്നില്ല. തുടക്കം മുതൽ മൂന്ന് നേതാക്കളുടെ പേരുകൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർത്ഥി നിർണയം മുന്നോട്ടു നീങ്ങിയത്. ഒടുവിൽ ശോഭാസുരേന്ദ്രനെ പ്രഖ്യാപിക്കുകയായിരുന്നു. പക്ഷേ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ വനിതകളടക്കം വൻ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താനായത് എൻ.ഡി.എ ക്യാമ്പുകളിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ മണ്ഡലം പര്യടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അവർ.