തിരുവനന്തപുരം: സപ്ളൈകോയിൽ കമ്പ്യൂട്ടർ വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നെന്ന കണ്ടെത്തലിൽ മുൻ എം.ഡിമാരുടെ പങ്കും വിജിലൻസ് അന്വേഷിക്കും. കമ്പ്യൂട്ടർ ഇടപാടുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ സപ്ളൈകോ ആസ്ഥാനത്തെ മാനേജ്മെന്റ് ഇൻഫർമേഷൻ സെന്ററിലെ (എം.ഐ.എസ്) ഡെപ്യൂട്ടി മാനേജർ വിമ്മി ഡേവിഡ് അക്കരയ്ക്കും സീനിയർ കമ്പ്യൂട്ടർ ഓപ്പറേറ്റർ റീഗ അരവിന്ദനും മുൻ എം.ഡിമാരായ എ.ടി.ജെയിംസ്, മുഹമ്മദ് ഹനീഷ് എന്നിവർ തട്ടിപ്പിന് സൗകര്യം ഒരുക്കി നൽകിയോ എന്നാവും അന്വേഷിക്കുക.

നിലവിലെ എം.ഡി എം.എസ്. ജയ ചുമതല ഏറ്റെടുത്തിട്ട് കുറച്ചു മാസങ്ങളേ അയിട്ടുള്ളൂ എന്നതിനാൽ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയേക്കും. രണ്ടു വർഷത്തിലൊരിക്കൽ എം.ഐ.എസിലെ ഉദ്യോഗസ്ഥരെ മാറ്റാറുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി വിമ്മിയും റീഗയും ഈ ചുമതലകളിലുണ്ട്. സപ്ളൈകോയുടെ ഓഡിറ്റിംഗ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിച്ചേക്കും.

ഭക്ഷ്യവകുപ്പിന്റെ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് വനിതാ ഉദ്യോഗസ്ഥർ നടത്തിയ വൻ വെട്ടിപ്പു പുറത്തുവന്നത്. 2017 ആഗസ്റ്റ് മുതൽ 2018 ആഗസ്റ്റ് വരെ മാത്രം 3.66 കോടി രൂപയുടെ കമ്പ്യൂട്ടറുകളാണ് ഒരേ സ്ഥാപനം വഴി വാങ്ങിയത്. 68 ലക്ഷം രൂപയുടെ പ്രിന്റർ, യു.പി.എസ് എന്നിവയും വാങ്ങി.

സപ്ലൈകോയുടെ 60 ഡിപ്പോകളിലും 1500 ചില്ലറ വില്പന കേന്ദ്രങ്ങളിലും എം.ഐ.എസ് മുഖേനയാണു കമ്പ്യൂട്ടർ വാങ്ങുന്നത്. വർഷം 400 വരെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് വാങ്ങിയത്. 5 വർഷമായി ഒരു കമ്പനി തന്നെ കമ്പ്യൂട്ട‌ർ വിതരണം ചെയ്യുകയായിരുന്നു. സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലിനു വിരുദ്ധമായി ആദ്യം കമ്പനിയുമായി വില നിശ്ചയിക്കും. പിന്നെ, ഒരു വർഷം ആ വിലയ്ക്കു കമ്പ്യൂട്ടർ വാങ്ങും ഇതായിരുന്നു രീതി. പാളയത്തെ വില്പന കേന്ദ്രം പരിശോധിച്ചപ്പോൾ ടെൻഡർ നിബന്ധനയിലെ നിലവാരത്തിലുള്ള കമ്പ്യൂട്ടർ അല്ല സ്ഥാപിച്ചതെന്നു കണ്ടെത്തിയിരുന്നു.

2017–18ൽ കെൽട്രോണും ടെൻഡറിൽ പങ്കെടുത്തെങ്കിലും ഉയർന്ന നിരക്കു രേഖപ്പെടുത്തിയ കമ്പനിയുടെ കമ്പ്യൂട്ടറുകളാണ് സപ്ലൈകോ വാങ്ങിയത്. ഓരോ കമ്പ്യൂട്ടറിനും 3000 മുതൽ 5000 രൂപ വരെ അധികം നൽകി. ഇതിനെക്കുറിച്ചെല്ലാം വിജിലൻസ് അന്വേഷിക്കും.

പാരിതോഷികം വിദേശയാത്ര?

കമ്പ്യൂട്ടർ വാങ്ങിയ കമ്പനിയുടെ ഓഫർ സ്വീകരിച്ച് വിമ്മിയും റീഗയും വിദേശ യാത്ര നടത്തിയതായി അന്വേഷണ സംഘത്തെ ചില ജീവനക്കാർ രഹസ്യമായി അറിയിച്ചു. ഇത് ശരിയാണോ എന്നറിയാൻ ഇരുവരുടെയും പാസ്പോർട്ട് പരിശോധിക്കും.