കറുത്ത നിറത്തിൽ അല്ലാതെ ആനകളെ സങ്കൽപ്പിക്കാൻ നമുക്ക് സാധ്യമല്ല. അൽപ്പം നിറവ്യത്യാസമുള്ള വെള്ളാനകളുമുണ്ട്. എന്നാൽ, ഇതൊന്നുമല്ലാത്ത നിറത്തിൽ ഒരു കുട്ടിയാനയെ കണ്ടാലോ.. പിങ്ക് നിറമാണ് ഈ കുട്ടിക്കുറുമ്പന്. ആനകളുടെ കൂട്ടത്തിൽ വ്യത്യസ്തൻ. പക്ഷേ, ഇതിനെ കാണണമെങ്കിൽ അങ്ങ് ദക്ഷിണാഫ്രിക്കയിൽ ചെല്ലണം. ദക്ഷിണാഫ്രിക്കയിലെ സ്വകാര്യ പാർക്കായ മാലാമാലാ ഗെയിം റിസർവിൽ. ഇവിടെതന്നെയാണ് ഇത് ജനിച്ചതും. ഈ ആനക്കുട്ടിയുടെ നിറത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. കിഴക്കനേഷ്യയിൽ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ആനകളുടെ ശരീരത്തിൽ വെള്ളം വീണാൽ പിങ്ക് നിറമാകാറുണ്ട്. എന്നാൽ, ഇത്തരം ആനകളെ ഇതുവരെ ആഫ്രിക്കയിൽ കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ മെലാനിന്റെ അംശം കുറഞ്ഞതു കൊണ്ട് നിറം ഇങ്ങനെ ആയതാണോ എന്നാണ് മറ്റൊരു വാദം. ജനിതകപരമായ കാരണമാകുമെന്ന് മറ്റൊരു കൂട്ടർ സംശയിക്കുന്നു. എന്തായാലും പിങ്ക് കുട്ടി സ്റ്റാറായി. പക്ഷേ, ഈ നിറ വ്യത്യാസം കാരണം കൂടുതൽ വെയിലേറ്റാൽ അസുഖം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കാണുന്നവർക്ക് രസമാണെങ്കിലും ആനക്കുട്ടിക്ക് ഈ നിറം അത്ര രസമുള്ളതല്ല. ഇതിന് മുൻപും രണ്ടുതവണ പിങ്ക് നിറത്തിലുള്ള ആനക്കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്.