പാറശാല: കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പാറശാലക്കാർക്ക് ലഭിച്ചിരുന്നത് കോളിഫോം ബാക്ടീരിയ നിറഞ്ഞ വെള്ളമായിരുന്നു. അതും അനുവദനീയമായതിനെക്കാൾ നൂറ് മടങ്ങ് അളവ് കോളിഫാം കൂടുതലായിരുന്നു എന്നതും ജനങ്ങളെ ഭീതിയിലാക്കി. നാട്ടുകാരുടെ പ്രതിഷേധവും കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തയും ശ്രദ്ധയിൽ പെട്ടതോടെ അന്നത്തെ എം.എൽ.എ ആയിരുന്ന എ.ടി. ജോർജിന്റെ നിർദ്ദേശപ്രകാരം വാട്ടർ അതോറിട്ടി എം.ഡിയുടെ നേതൃത്വത്തിൽ വണ്ടിച്ചിറ ജലവിതരണ മേഖല സന്ദർശിച്ച് വെള്ളം പരിശോധിക്കുകയും നാട്ടുകാരുടെ ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് പാറശാലയിലേക്ക് ശുദ്ധജലം നൽകാൻ തീരുമാനമായത്. ഇതനുസരിച്ച് നടപ്പിലാക്കിയ പദ്ധതി അടുത്ത കാലത്ത് മന്ത്രി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയതോടെയാണ് ശുദ്ധമായ ജലം ഇവിടുത്തുകാർക്ക് ലഭിക്കുന്നത്. പദ്ധതി പൂർത്തിയാക്കാൻ ദേശീയപാതയിൽ പരശുവയ്ക്കൽ മുതൽ പവതിയാൻവിള വരെ പഴയ പൈപ്പ് ലൈൻ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടു. എന്നാൽ ഇത് അടുത്ത പ്രശ്നങ്ങൾക്ക് വഴിയൊരുക്കി. പൈപ്പിടാൻ സ്ഥാപിച്ച കുഴികളിൽ മണ്ണിട്ട് നികത്തി കല്ലും കട്ടയും നിരത്തിയിട്ടിരിക്കുകയാണ്. ഇപ്പോൾ മൺകൂനകളിൽ തട്ടി വീഴുന്ന കാൽനട യാത്രക്കാരുടെ എണ്ണത്തിന് കണക്കില്ല. കുറുങ്കുട്ടിയിൽ പ്രവർത്തിക്കുന്ന സാൽവേഷൻ ആർമി എൽ.പി സ്കൂളിലെ കുട്ടികൾ വീഴുന്നതും പരിക്കേൽക്കുന്നതും നിത്യ സംഭവമാണ്. കൂടിക്കിടക്കുന്ന മൺകൂനയിൽ നിന്നു റോഡിന് സമീപത്തെ കടകളിലേക്ക് പൊടിശല്യവും രൂക്ഷമാണ്.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനോടൊപ്പം തന്നെ റോഡ് നവീകരണവും പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാൽ ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞതോടെ റോഡ് നവീകരിക്കാൻ അധികൃതർ താത്പര്യം കാണിക്കാതായി. എന്നാൽ പൈപ്പ് ലൈൻ സ്ഥാപിച്ചതിന് ശേഷം റോഡ് റീ ടാറ് ചെയ്യാനുള്ള തുക ദേശീയപാതാ അധികൃതർക്ക് നൽകിയിട്ടുണ്ടെന്നും ഇനി റോഡ് നന്നാക്കേണ്ട ജോലി അവർക്കാണെന്നുമാണ് വാട്ടർഅതോറിട്ടിയുടെ വാദം. വാട്ടർ അതോറിട്ടി ആയാലും ദേശീയപാത അതോറിട്ടി ആയാലും തർക്കം മാറ്റി എത്രയും പെട്ടന്ന് റോഡ് നന്നാക്കിയാൽ മാത്രം മതിയെന്നതാണ് നാട്ടുകാരുടെ ആവശ്യം.