ചിറയിൻകീഴ് : ഹോണ്ട ആക്‌ടീവയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദേശീയ ഖൊ ഖൊ താരത്തിന് ദാരുണാന്ത്യം. ചിറയിൻകീഴ് മഞ്ചാടിമൂട് കോട്ടപ്പുറം അറപ്പുര വീട്ടിൽ സ്വാതി സതീഷ് കുമാറാണ് (23) മരിച്ചത്. സ്വാതിക്കൊപ്പമുണ്ടായിരുന്ന സഹോദരി സിബിയ്‌ക്ക് നിസാരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ ചിറയിൻകീഴ് പാലകുന്ന് ജംഗ്ഷന് സമീപമായിരുന്നു അപകടം. റെയിൽവേ പ്രാെട്ടക്ഷൻ ഫോഴ്സിൽ (ആർ.പി.എഫ്) റിട്ടൺ ടെസ്റ്റ് പാസായ സ്വാതിയും സിബിയും ഫിസിക്കൽ ടെസ്റ്റിനായുള്ള പരിശീലനത്തിനായി ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലേക്ക് പോകുകയായിരുന്നു. സിബിയാണ് ആക്ടീവ ഓടിച്ചിരുന്നത്. ഇതിനിടെയാണ് എതിരെ വന്ന സ്‌കൂട്ടറുമായി ആക്ടീവ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് വീണ് സ്വാതിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
ഖൊ ഖൊ മത്സരത്തിൽ ദേശീയ മത്സരങ്ങളിൽ കളിച്ചിട്ടുള്ള സ്വാതി റിപ്പബ്ലിക് പരേഡിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എൻ.സി.സി കേഡറ്റുകളിൽ അംഗമായിരുന്നു. സാമ്പത്തിക പരാധീനതകളോടു പൊരുതിയാണ് കായിക ലോകത്ത് തുടർന്നത്. മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗൾഫിലുള്ള പിതാവ് സതീഷ് കുമാർ ഇന്ന് നാട്ടിലെത്തും. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് നടക്കും. ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയും സി.പി.എം മഞ്ചാടിമൂട് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ബിന്ദുവാണ് മാതാവ്.