-sreesanth-tharoor

തിരുവനന്തപുരം: യു.ഡി.എഫ്. സ്ഥാനാർത്ഥി ശശി തരൂരുമായുള്ള കൂടിക്കാഴ്ചയുടെ കാരണം വിശദമാക്കി ക്രിക്കറ്റർ ശ്രീശാന്ത്. തിരുവനന്തപുരം നിയമസഭാമണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായിരുന്ന താൻ തരൂരിനെ കണ്ടത് ബി.ജെ.പിയുമായുള്ള ബന്ധംവിട്ടതുകൊണ്ടാണെന്ന വാർത്തകൾ ശരിയല്ലെന്ന് ശ്രീശാന്ത് വിശദമാക്കി. ബി.ജെ.പിയുമായുള്ള ബന്ധത്തിൽ ഒരു മാറ്റവുമില്ല. താനും കുടുംബവും ബി.ജെ.പിക്കൊപ്പമാണെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

ഒത്തുകളി വിവാദത്തിലുണ്ടായിരുന്ന വിലക്ക് നീക്കാൻ നൽകിയ സഹായങ്ങൾക്ക് നന്ദി പറയാനാണ് തരൂരിനെ കണ്ടത്. കേരളത്തിൽ കായികരംഗത്ത് എന്ത് ചെയ്യാൻ സാധിക്കുമെന്നാണ് നോക്കുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ല. ശ്രീശാന്ത് പറഞ്ഞു.

ഐ.പി.എൽ ഒത്തുകളി വിവാദത്തെ തുടർന്ന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശ്രീശാന്ത് വെള്ളിയാഴ്ച ശശി തരൂരിനെ കണ്ടിരുന്നു. ഇതേ തുടർന്നാണ് ബി.ജെ.പി വിട്ടെന്ന വാർത്ത പരന്നത്.