വിതുര: തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി, കണ്ണങ്കര -പരപ്പാറ- പുളിച്ചാമല- പ്ലാന്തോട്ടം മേഖലകലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. പ്രദേശത്തെ മിക്ക കിണറുകളും വറ്റി വരണ്ടു. ചിലതിൽ ആവശ്യത്തിനുള്ള വെള്ളവും കിട്ടാറില്ല. നീർച്ചാലുകളുടെ അവസ്ഥയും വിഭിന്നമല്ല. വേനൽ ഇനിയും കടുത്താൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്. ഇവിടെ ഭൂരിഭാഗം പ്രദേശങ്ങളിലും പൈപ്പ് ലൈൻ ഇതുവരെ കടന്നുവന്നിട്ടില്ല. ഉള്ള പൈപ്പുകളിലാകട്ടെ സ്ഥിരമായി വെള്ളം എത്താറുമില്ല. വല്ല കാലത്തും വരുന്ന വെള്ളത്തിനായി കാത്തിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. എന്നാൽ വെള്ളം കിട്ടാതെ ജനം പരക്കംപായുമ്പോൾ മിക്ക സ്ഥലങ്ങളിലെയും പൈപ്പ് പൊട്ടി വെള്ളം റോഡ് നീളെ ഒഴുകുന്നതാണ് ഇവിടുത്തെ കാഴ്ച. പൈപ്പ് പൊട്ടിയ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചാലും നിശ്ചിത സമയത്തിനുള്ളിൽ നന്നാക്കാറില്ലെന്നും വ്യാപക പരാതി ഉയരുന്നുണ്ട്. പൊതു തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിൽ സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥനയിലും പ്രധാന വിഷയം പ്രദേശത്തെ കുടിവെള്ളക്ഷാമം തന്നെയാണ്.
പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പുകളാണ് ഇപ്പോഴും മണ്ണിനടയിൽ ഉള്ളത്. ശോചനീയാവസ്ഥയിൽ തുടരുന്ന പൈപ്പുകൾ മാറ്റി പുതിയ ലൈനുകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ കേട്ടമട്ടില്ല. ആനപ്പെട്ടി, പരപ്പാറ, പുളിച്ചാമല, തുരുത്തി വാർഡുകളിലെ മിക്ക മേഖലകളിലേക്കും പൈപ്പ് ലൈൻ കടന്നുവന്നിട്ടില്ല. തൊളിക്കോട് വിതുര പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി ആറ് വർഷം മുൻപ് ആവിഷ്കരിച്ച വിതുര- തൊളിക്കോട് ശുദ്ധജല പദ്ധതി ഇനിയും പൂർത്തിയാക്കിയിട്ടില്ല. വിതുര പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായെങ്കിലും തൊളിക്കോട് പഞ്ചായത്തിലെ നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്.
കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ നിവേദനങ്ങൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ' തൊണ്ടനനയ്ക്കുവാൻ ഒരിറ്റ് ജലം തരൂ" എന്ന മുദ്രാവാക്യം ഉയർത്തി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. വിതുര- തൊളിക്കോട് ശുദ്ധജല പദ്ധതി നടപ്പിലായാൽ ആനപ്പെട്ടി- കണ്ണങ്കരി, പരപ്പാറ, പുളിച്ചാമല, പ്ലാന്തോട്ടം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ നേരുടുന്ന ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും.