city-police

തിരുവനന്തപുരം : നഗരത്തിൽ ഗതാഗതനിയമം ലംഘിക്കുന്നവരെ പിടികൂടാൻ സിറ്റിപൊലീസ് കമ്മിഷണർ കെ.സഞ്ജയ്‌കുമാർ ഗുരുദിൻ നേരിട്ടിറങ്ങി. സുരക്ഷിതയാത്രയൊരുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സീറോ അവർ പദ്ധതിയുടെ ഭാഗമായാണ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ പരിശോധനയും ബോധവത്കരണവും നടത്തിയത്. രാവിലെ 9 മുതൽ 10വരെ നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 750 നിയമലംഘകരെ പിടികൂടി. ആദ്യ ദിനമായതിൽ നിയമം ലംഘിച്ചവർക്ക് മുന്നറിയിപ്പ് നൽകി വിട്ടയച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പല സമയങ്ങളിലായി സീറോ അവർ പരിശോധന നടത്തുമെന്നും ഇനിയുള്ള ദിവസങ്ങളിലെ പരിശോധനകളിൽ നിയമലംഘനം നടത്തുന്നവരിൽ നിന്നും പിഴ ഉൾപ്പെടെ ഈടാക്കുമെന്നും കമ്മിഷണർ അറിയിച്ചു. നഗരത്തിലെ കുറ്റവാളികളെയും മയക്കുമരുന്ന് ലോബികളെയും അമർച്ചചെയ്യാൻ സിറ്റി പൊലീസ് ആവിഷ്കരിച്ച ഓപ്പറേഷൻ ബോൾട്ടിന് തുടർച്ചയായാണ് സീറോ അവർ ആവിഷ്കരിച്ചത്.


ഫോട്ടോ എടുക്കാം, സമ്മാനം നേടാം

നിയമം ലംഘിക്കുന്നവരെ പൊതുജനങ്ങളുടെ സഹകരണത്തോടെ പിടികൂടാൻ പൊലീസ് പ്രത്യേക നിരീക്ഷണം ആരംഭിച്ചു. പൊലീസ് കാമറകളുടെ കണ്ണിൽപ്പെടാതെ നിയമലംഘകരെ പിടികൂടുകയാണ് ലക്ഷ്യം.
നഗരത്തിൽ ഉണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർക്ക് മൊബൈൽ കാമറയിൽ പകർത്തി ടി.സി വിജിൽ വാട്സ് ആപ്പ് നമ്പരായ 9497945000ൽ അയയ്ക്കാം. മികച്ച ചിത്രങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും. ഓരോ ആഴ്ചയിലും മികച്ച ഫോട്ടോയോ നിർദ്ദേശമോ നൽകുന്ന മൂന്ന് പേർക്ക് ഗുഡ് സാമർത്ഥ്യൻ (ഗുഡ് സിറ്റിസൺ) പുരസ്‌കാരവും നൽകും. പൊലീസിനെ സഹായിക്കുന്നവരുടെ വിവരങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കുമെന്നും കമ്മിഷണർ അറിയിച്ചു.