ആറ്റിങ്ങൽ: ആറ്റിങ്ങൽ നാലുവരിപ്പാതയുടെ നിർമ്മാണത്തിനായി പുറമ്പോക്ക് ഒഴിപ്പിക്കലിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപ് പറഞ്ഞു. പുറമ്പോക്ക് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചവരുടെ വാദം കേൾക്കൽ പൂർത്തിയായി. തർക്കമുന്നയിച്ച രണ്ടുപേരുടെ ഭൂമി വീണ്ടും അളന്ന് പുറമ്പോക്ക് തിട്ടപ്പെടുത്തും. ഇതിനായി താലൂക്ക് സർവേ വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഈ നടപടികൾകൂടി പൂർത്തിയായാലുടൻ രണ്ടാംഘട്ട പുറമ്പോക്കൊഴിപ്പിക്കൽ ആരംഭിക്കും. പൂവമ്പാറ ഹോമിയോ ആശുപത്രി ജംഗ്ഷൻമുതൽ മൂന്നുമുക്കുവരെ നിലവിലുള്ള ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതാണ് പദ്ധതി. പുറമ്പോക്കും സർക്കാർ സ്ഥാപനങ്ങളുടെ ഭൂമിയും ഏറ്റെടുത്തുകൊണ്ടാണ് വികസനം സാദ്ധ്യമാക്കുന്നത്. പദ്ധതിക്കായി 22.75 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. വികസനത്തിനായി പൊളിക്കുന്ന മതിലുകൾ പുനർനിർമ്മിക്കാനായി 2.02 കോടിയും വകയിരുത്തിയിട്ടുണ്ട്.
ഒന്നാംഘട്ടത്തിൽ മിനിസിവിൽസ്റ്റേഷൻ, ട്രഷറി, നഗരസഭ എന്നിവയുടെ ഭൂമിയേറ്റെടുക്കുകയും കച്ചേരിനട മുതൽ കിഴക്കേനാലുമുക്കുവരെയുളള ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ചിലർ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിക്കായി പുറമ്പോക്ക് ഏറ്റെടുക്കുമ്പോൾ അത് കൈവശം വച്ചിരിക്കുന്നവരെ രേഖാമൂലം അറിയിച്ച് അവരുടെ വാദം കൂടികേട്ടശേഷം തുടർ നടപടികളെടുക്കാൻ കോടതി നിർദ്ദേശിച്ചു. ഇതേത്തുടർന്ന് പുറമ്പോക്ക് കൈവശമുള്ളവർക്ക് രേഖാമൂലം അറിയിപ്പു നല്കുകയും തുടർനടപടികൾ പൂർത്തിയാക്കുകയും ചെയ്തത്.
രണ്ടാം ഘട്ടത്തിൽ പുറമ്പോക്കിൽ നിർമ്മിച്ചിരിക്കുന്ന വലിയകെട്ടിടങ്ങളുൾപ്പെടെ സകലനിർമ്മാണവും നീക്കം ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു. നഗരത്തിന്റെ വികസനത്തെപിന്നോട്ടടിക്കുന്ന വിധത്തിലുളള രൂക്ഷമായ കൈയേറ്റമാണ് കണ്ടെത്തിയിട്ടുള്ളത്. നഗരസഭാതിർത്തിപ്രദേശത്തെ മുഴുവൻ കൈയേറ്റവും മൂന്നാംഘട്ടത്തിൽ ഒഴിപ്പിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു