തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളിൽ പിന്നാക്ക സമുദായ പ്രാതിനിദ്ധ്യത്തിൽ ഏറ്രവും പിന്നിൽ കോൺഗ്രസാണ്.
സംഘടനാ തലത്തിലും പാർലമെന്റ് - നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിലും ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷം പിന്നാക്ക വിഭാഗക്കാർ നേരിടുന്ന അവഗണനയുടെ തുടർച്ചയാണിതെന്ന ആക്ഷേപം കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളിലും അണികളിലും ശക്തമാണ്. സംസ്ഥാനത്ത് ഒരിക്കൽ കോൺഗ്രസിന്റെ നട്ടെല്ലായിരുന്ന ഈഴവ സമുദായമാണ് ആസൂത്രിതമായി ഏറ്റവും അവഗണിക്കപ്പെടുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 ൽ 16 സീറ്റിലും മത്സരിക്കുന്ന കോൺഗ്രസ് രണ്ട് സീറ്റ് മാത്രമാണ് ഈഴവ സമുദായത്തിന് നീക്കിവച്ചത്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് എം.എൽ.എയും കണ്ണൂരിൽ കെ. സുധാകരനും. 2009ൽ ഈഴവ സമുദായത്തിലെ 5 പേർക്കും 2014ൽ 4 പേർക്കും സീറ്റ് നൽകിയിരുന്നു. അതാണ് രണ്ടായി കുറഞ്ഞത്. ധീവര സമുദായത്തിലെ ടി.എൻ. പ്രതാപന് തൃശൂരിലും ടിക്കറ്റ് നൽകി. മാവേലിക്കരയും ആലത്തൂരും പട്ടികവിഭാഗം സംവരണ സീറ്റുകളാണ്.
അതേസമയം, യു.ഡി.എഫിൽ നായർ സമുദായത്തിലെ 6 പേരുണ്ട് - കോൺഗ്രസിലെ ശശി തരൂർ-തിരുവനന്തപുരം, എം.കെ. രാഘവൻ-കോഴിക്കോട്, വി.കെ. ശ്രീകണ്ഠൻ- പാലക്കാട്, കെ. മുരളീധരൻ- വടകര, രാജ് മോഹൻ ഉണ്ണിത്താൻ -കാസർകോട് എന്നീ 5 പേരും ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രനും. ക്രിസ്ത്യാനികൾ 5 പേരുണ്ട്. കോൺഗ്രസിലെ ആന്റോ ആന്റണി -പത്തനംതിട്ട, ഡീൻ കുര്യാക്കോസ്- ഇടുക്കി, ഹൈബി ഈഡൻ - എറണാകുളം, ബെന്നി ബഹനാൻ- ചാലക്കുടി എന്നിവരും കേരള കോൺഗ്രസ് -എമ്മിലെ തോമസ് ചാഴികാടനും.
മുസ്ലിങ്ങൾ 4 പേർ (കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ- ആലപ്പുഴ, ടി. സിദ്ദിഖ് - വയനാട് (വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നിട്ടില്ല) എന്നിവരും, ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി- മലപ്പുറം, ഇ.ടി. മുഹമ്മദ് ബഷീർ- പൊന്നാനി എന്നിവരും.
നിലവിലെ നിയമസഭയിലെ യു.ഡി.എഫ് അംഗങ്ങളിൽ ഈഴവ പ്രതിനിധി ഒരാൾ മാത്രം. അടൂർ പ്രകാശ്. അദ്ദേഹമാണ് ഇപ്പോൾ ആറ്റിങ്ങൽ ലോക്സഭാ സീറ്രിലെ യു.ഡി.എഫ് സ്ഥാനാർത്ഥി..
എൽ.ഡി.എഫിലാകട്ടെ, ഈഴവ സമുദായത്തിന് ലഭിച്ചത് 4 സീറ്റാണ്. സി.പി.എം - 3 (എ. സമ്പത്ത് -ആറ്റിങ്ങൽ, വി.എൻ. വാസവൻ - കോട്ടയം, പി. ജയരാജൻ-വടകര). സി.പി.ഐ-1 (സി. ദിവാകരൻ-തിരുവനന്തപുരം). മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സീറ്റില്ല. നായർ സമുദായത്തിൽ നിന്ന് 6 പേരുണ്ട്. എല്ലാവരും സി.പി.എം (കെ.എൻ. ബാലഗോപാൽ-കൊല്ലം, പി. രാജീവ്- എറണാകുളം,എം.ബി. രാജേഷ്-പാലക്കാട്, എ. പ്രദീപ്കുമാർ-കോഴിക്കോട്, പി.കെ. ശ്രീമതി കണ്ണൂർ, കെ.പി. സതീശ് ചന്ദ്രൻ- കാസർകോട്.). മുസ്ലിം വിഭാഗത്തിലെ 4 പേർ (സി.പി.എമ്മിലെ എ.എം. ആരിഫ്- ആലപ്പുഴ, വി.പി. സാനു - മലപ്പുറം, പി.വി. അൻവർ- പൊന്നാനി, സി.പി.ഐയിലെ പി.പി. സുനീർ- വയനാട്). ക്രിസ്ത്യൻ വിഭാഗത്തിലെ 4 പേർ (സി.പി.എമ്മിലെ വീണാജോർജ്- പത്തനംതിട്ട, ജോയ്സ് ജോർജ്- ഇടുക്കി, ഇന്നസെന്റ്- ചാലക്കുടി, സി.പി.ഐയിലെ രാജാജി മാത്യൂ തോമസ്- തൃശൂർ).
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ ഈഴവ സമുദായത്തിന് 5 സീറ്ര് നൽകി. (ബി.ജെ.പിയിലെ ശോഭാ സുരേന്ദ്രൻ -ആറ്റിങ്ങൽ, കെ. സുരേന്ദ്രൻ- പത്തനംതിട്ട, കെ.പി. പ്രകാശ് ബാബു- കോഴിക്കോട്, ബി.ഡി.ജെ.എസിലെ തുഷാർ വെള്ളാപ്പള്ളി- തൃശൂർ, ബിജു കൃഷ്ണൻ- ഇടുക്കി). ധീവര സമുദായത്തിലെ ഡോ. കെ.എസ്. രാധാകൃഷ്ണനും ആലപ്പുഴയിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നു.
എൻ.ഡി.എയിലും കൂടുതൽ സീറ്റ് മുന്നാക്ക വിഭാഗത്തിനാണ് (8 പേർ). നായർ - 6 (കുമ്മനം രാജശേഖരൻ - തിരുവനന്തപുരം, എ.എൻ. രാധാകൃഷ്ണൻ - ചാലക്കുടി, സി. കൃഷ്ണകുമാർ - പാലക്കാട്, വി.ടി. രമ - പൊന്നാനി, വി.കെ. സജീവൻ-വടകര, സി.കെ. പദ്മനാഭൻ - കണ്ണൂർ. കൂടാതെ മലപ്പുറത്ത് വി. ഉണ്ണിക്കൃഷ്ണൻ (അമ്പലവാസി ), കാസർകോട്ട് രവീശ തന്ത്രി (ബ്രാഹ്മണൻ) .
ക്രിസ്ത്യാനികൾ 3 പേർ - കൊല്ലത്ത് ബി.ജെ.പിയിലെ കെ.വി. സാബുവും എറണാകുളത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും വയനാട്ടിൽ ബി.ഡി.ജെ.എസിലെ ആന്റോ അഗസ്റ്രിനും. രണ്ട് പട്ടികവിഭാഗം സംവരണ സീറ്രും ബി.ഡി.ജെ.എസിനാണ്.