തിരുവനന്തപുരം : 13 കോടിയുടെ ഹാഷിഷ് ഓയിലുമായി അഞ്ച് പേരെ പിടികൂടിയ കേസിൽ അന്വേഷണം തലസ്ഥാനത്തെ ഇടനിലക്കാരനിലേക്ക് പൊലീസ് വ്യാപിപ്പിച്ചു. ചെന്തിട്ടയിൽ താമസിക്കുള്ള ഒരാൾക്കാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പിടിയിലായവരിൽ നിന്നു വ്യക്തമായിട്ടുണ്ട്. എന്നാൽ പ്രതികളുടെ ഫോൺകാൾ ലിസ്റ്റ് ലഭിച്ചാലേ ഇക്കാര്യം ഉറപ്പിക്കാൻ കഴിയൂ.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിന്റെ അന്വേഷണ ചുമതല അസിസ്റ്റന്റ് കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന് രണ്ട് ദിവസത്തിനുള്ളിൽ കൈമാറും. തുടർന്ന് വിശദമായ അന്വേഷണത്തിന് ഇവരെ കസ്റ്റഡിയിൽ വാങ്ങും.
അറസ്റ്റിലായ ആന്ധ്രാ സ്വദേശി രാംബാബു, ഇടുക്കിക്കാരായ അനിൽകുമാർ, ബാബു, തിരുവനന്തപുരത്തുകാരായ ഷാജൻ, ഷഹീൻ എന്നിവരുടെ മൊബൈൽ കാൾ ലിസ്റ്റ് ലഭ്യമാക്കാൻ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലിസ്റ്റ് ലഭിക്കുന്നതോടെ ഇടനിലകാരനെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു പതിവായി എത്തുന്ന ലഹരിവസ്തുക്കൾ കൈപ്പറ്റി ഇടനിലക്കാരനാണ് ചില്ലറ വില്പന നടത്തുന്നത്. ആന്ധ്രയിൽ നിന്നെത്തിച്ച ഹാഷിഷ് ഓയിലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. അതേസമയം മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ലഹരി വസ്തുക്കൾ എത്തുന്നുണ്ട്. ഇടനിലക്കാരനെ കണ്ടെത്തിയാലേ നഗരത്തിലുള്ള ലഹരിയുടെ ഒഴുക്ക് തടയാനാകൂ.
വെള്ളിയാഴ്ച രാവിലെ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് സമീപത്ത് നിന്നാണ് ഇന്നോവ കാറിന്റെ ഡോർപാനലിൽ ഒളിപ്പിച്ച നിലയിൽ 1305 കിലോ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ഇവരിൽ നിന്ന് 8.5ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.