തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രി രണ്ടു മണിക്കൂറിലേറെ പറന്ന ഡ്രോൺ കണ്ടെത്താനായില്ല. വി.എസ്.എസ്.സിക്ക് അടുത്തായി എവിടെയെങ്കിലും ഡ്രോൺ പതിച്ചിരിക്കാമെന്ന സംശയത്തിൽ പൊലീസ് പ്രദേശം അരിച്ചുപെറുക്കിയിട്ടും ഫലമുണ്ടായില്ല. ഡ്രോൺ പറന്നതിനെത്തുടർന്ന് സൈനിക വിഭാഗങ്ങളും പൊലീസും വിമാനത്താവള അധികൃതരും പ്രഖ്യാപിച്ചിരുന്ന അതീവജാഗ്രതാ നിർദ്ദേശം പിൻവലിച്ചതായി അഡി.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.
വള്ളക്കടവ് പ്രദേശത്തെ രണ്ട് പ്രവാസികൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറുവിമാനം ഗൾഫിൽ നിന്ന് കൊണ്ടുവന്നിരുന്നെന്നും കുട്ടികൾ ഇത് പറത്തിക്കളിക്കുന്നത് കണ്ടതായും പൊലീസിന് പ്രദേശവാസികൾ വിവരം നൽകി. വെള്ളിയാഴ്ച രാത്രിക്കു ശേഷം ഇത് പറത്തുന്നത് കണ്ടിട്ടില്ലെന്നാണ് വിവരം. ഇത്തരം ചെറു ഡ്രോണുകളിൽ കാമറ ഉണ്ടാവണമെന്നില്ല. തുമ്പഭാഗത്ത് ബാറ്ററി ചാർജ് തീർന്നപ്പോൾ നിലംപതിച്ചിരിക്കാമെന്ന് പൊലീസ് കരുതുന്നു.
അതിനിടെ, തലസ്ഥാനത്ത് ഡ്രോൺ ഉപയോഗിക്കുന്ന പ്രൊഫഷണൽ വീഡിയോഗ്രാഫർമാരെയും സ്റ്റുഡിയോക്കാരെയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരെയും ചോദ്യംചെയ്തു. തീരത്തിന്റെ രാത്രി ദൃശ്യങ്ങൾക്കോ ആകാശക്കാഴ്ചകൾക്കോ വേണ്ടി ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ഇത്. സീരിയൽ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന വിലകൂടിയ ഡ്രോണുകൾക്ക് 'റിട്ടേൺ ടു ബേസ് ' എന്ന സവിശേഷതയുണ്ട്. നിയന്ത്രണം വിട്ട് പറന്നാലും പറന്നുയർന്ന സ്ഥലത്തേക്ക് തിരിച്ചെത്തും.
വി.എസ്.എസ്.എസിയുടെ തന്ത്രപ്രധാന മേഖലകളെല്ലാം മുഴുവൻ സമയ കാമറ നിരീക്ഷണത്തിലാണ്. ഈ കാമറകളിലൊന്നും ഡ്രോൺ പതിഞ്ഞിട്ടില്ലാത്തതിനാൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. വ്യോമ, നാവിക സേനകളുടെയും വിമാനത്താവളത്തിലെയും റഡാറിൽ ഡ്രോണിന്റെ വിവരങ്ങളില്ല. ഐ.എസ്.ആർ.ഒയുടെ റഡാറിലും ഡ്രോണില്ല. ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ച് ഡ്രോൺ കണ്ടെത്തണമെന്ന് ഐ.എസ്.ആർ.ഒയ്ക്ക് പൊലീസ് കത്തുനൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച അർദ്ധരാത്രി 12.45ന് കോവളം സമുദ്രാ ബീച്ചിന് സമീപത്തും പുലർച്ചെ 2.55ന് തുമ്പയിൽ വി.എസ്.എസ്.സിക്ക് അടുത്തുമാണ് ഡ്രോൺ കണ്ടത്.