jacob-thomas-ips
jacob thomas ips

തിരുവനന്തപുരം:സസ്‌പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ അപേക്ഷയുടെ ഫയൽ ലഭിച്ചിട്ടില്ലെന്നും ഫയൽ ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്റിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്റി അംഗീകരിച്ചാൽ മാത്രമേ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാനാവൂ എന്നാണ് മുഖ്യമന്ത്റിയുടെ ഓഫീസിന്റെ വിശദീകരണം.

സ്വയം വിരമിക്കലിനുള്ള അപേക്ഷയുടെ പകർപ്പ് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് ഇ - മെയിലിൽ അയച്ചിരുന്നു. എന്നാൽ, ഒപ്പിട്ട കത്തു ലഭിച്ചാൽ മാത്രമേ തുടർനടപടി സ്വീകരിക്കാനാവൂ എന്ന നിലപാടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച പ്രത്യേക ദൂതൻ വഴി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ജേക്കബ് തോമസ് ഇന്ത്യൻ പൊലീസ് സർവീസിൽ നിന്ന് സ്വയം വിരമിക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ ലഭിച്ചതായുള്ള അറിയിപ്പു ലഭിച്ചതായി ജേക്കബ്തോമസ് പറഞ്ഞു. 30 വർഷത്തിൽ കൂടുതൽ സർവീസുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് വി.ആർ.എസിന് നേരിട്ട് കേന്ദ്ര സർക്കാരിൽ അപേക്ഷ സമർപ്പിക്കാമെന്നാണ് ജേക്കബ് തോമസ് പറയുന്നത്. ചട്ടഭേദഗതി പ്രകാരം അപേക്ഷിച്ച ദിവസം മുതൽ സ്വയം വിരമിക്കൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.