തിരുവനന്തപുരം:കേരളത്തിലെ തങ്ങളുടെ സുരക്ഷിത മണ്ഡലമായ വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി എത്തുമെന്ന കെ.പി.സി.സി നേതൃത്വത്തിന്റെ വെളിപ്പെടുത്തലോടെ അണികൾ വൻ ആവേശത്തിലായി. രാഹുൽ എത്തുന്നതോടെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും നിഷ്പക്ഷ വോട്ടുകളിലടക്കം അനുകൂല ചാഞ്ചാട്ടം യു.ഡി.എഫ് കണക്കുകൂട്ടുന്നു. വയനാട്ടിൽ സിദ്ദിഖിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഉടലെടുത്ത ചേരിപ്പോര് ശമിക്കുമെന്ന ആശ്വാസവുമുണ്ട്.
യു.പിയിലെ അമേതിക്ക് പുറമേ ദക്ഷിണേന്ത്യയിലും രാഹുൽ മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ സജീവമായിരിക്കുമ്പോഴാണ് രാഹുൽ വയനാട്ടിലുണ്ടാകുമെന്ന് കെ.പി.സി.സി തന്നെ വെളിപ്പെടുത്തിയത്. കെ.പി.സി.സിയുടെ നിർദ്ദേശം രാഹുലിന്റെ സജീവ പരിഗണനയിലാണെന്ന് ഇന്നലെ എ.ഐ.സി.സി വക്താവ് രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഇന്നലെ ഉച്ചയ്ക്ക് റാന്നിയിലാണ് രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടതായി ആദ്യം വെളിപ്പെടുത്തിയത്. ഡൽഹിയിൽ നിന്ന് എ.കെ. ആന്റണി അടക്കമുള്ള ഉന്നതർ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ആശയവിനിമയത്തിന്റെ തുടർച്ചയാണ് ഇതെന്നാണറിയുന്നത്. മുല്ലപ്പള്ളി ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ഫോണിൽ ഇക്കാര്യം സംസാരിച്ചു. തുടർന്നാണ് ഉമ്മൻചാണ്ടി മാദ്ധ്യമങ്ങളെ കണ്ടത്.
വയനാട്ടിൽ പ്രചാരണത്തിൽ സജീവമായ ടി. സിദ്ദിഖുമായും ഉമ്മൻചാണ്ടി സംസാരിച്ചു. പിന്നാലെ താൻ രാഹുലിനായി അഭിമാനപൂർവം പിന്മാറുന്നതായി സിദ്ദിഖ് പ്രഖ്യാപിച്ചതും നാടകീയമായിട്ടായിരുന്നു. രാഹുലിന്റെ വരവിനെ വാഴ്ത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ജോസ് കെ.മാണിയും എത്തി.
വയനാട്ടിൽ രാഹുൽ മത്സരിക്കണമെന്ന് ആറ് മാസം മുമ്പേ കെ.പി.സി.സി ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചതാണ്. തമിഴ്നാടിനും കർണാടകത്തിനും കേരളത്തിനും മദ്ധ്യേ കിടക്കുന്ന മണ്ഡലമായതിനാൽ മൂന്ന് സംസ്ഥാനങ്ങളിലും സ്വാധീനം ചെലുത്താനാവുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ബംഗളൂരു സെൻട്രൽ, ബിദർ, മൈസൂരു എന്നിവയിലെവിടെയെങ്കിലും രാഹുൽ മത്സരിക്കണമെന്ന് കർണാടക പി.സി.സിയും ശിവഗംഗയിലോ കന്യാകുമാരിയിലോ മത്സരിക്കണമെന്ന് തമിഴ്നാട് പി.സി.സിയും അഭ്യർത്ഥിച്ചിരുന്നു. ശിവഗംഗയിൽ ഇക്കുറി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാതിരുന്നത് രാഹുലിന് വേണ്ടിയാണെന്ന അഭ്യൂഹങ്ങളും കൊഴുപ്പിച്ചു. ഇതിനിടയിലാണ് വയനാട്ടിൽ രാഹുൽ വരുമെന്ന നാടകീയ വെളിപ്പെടുത്തൽ.
തിരഞ്ഞെടുപ്പ് സമിതിയിലും കേരള നേതാക്കൾ ഈ അഭ്യർത്ഥന നടത്തി. രാഹുലാണ് അന്തിമ തീരുമാനം പറയേണ്ടതെന്നാണ് എ.ഐ.സി.സി നിലപാട്. ഇന്ന് രാവിലെ കൂടുതൽ കാര്യങ്ങൾ പറയാമെന്ന് മുല്ലപ്പള്ളിയും വ്യക്തമാക്കിയിട്ടുണ്ട്.
ചോദ്യം ചെയ്ത് എതിരാളികൾ
അതേസമയം, രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിലെ രാഷ്ട്രീയം എതിർമുന്നണികൾ ചോദ്യം ചെയ്തതോടെ രാഷ്ട്രീയ സംവാദത്തിനും വഴിയൊരുങ്ങി. അമേതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വീണ്ടും മത്സരിക്കുന്നതിലെ ഭയമാണ് രാഹുലിനെന്ന് സംഘപരിവാർ അക്ഷേപിക്കുന്നു. ദേശീയതലത്തിൽ ബി.ജെ.പിയെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ, ഇടതുപക്ഷം മുഖ്യ എതിരാളിയായുള്ള കേരളത്തിൽ മത്സരിക്കുന്നതിലെ സാംഗത്യവും രാഷ്ട്രീയ ചർച്ചയാണ്. ഈ മത്സരത്തിലൂടെ രാഹുൽ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ഇതൊക്കെ രാഹുലിന്റെ തീരുമാനത്തിൽ നിർണായകമായേക്കും.
വെല്ലുവിളികൾ
മുഖ്യശത്രു ബി.ജെ.പിയല്ലേ എന്ന ചോദ്യം
അമേതിയിലും വയനാട്ടിലും ജയിച്ചാൽ ഏത് മണ്ഡലം ഒഴിയുമെന്ന ചോദ്യം
ജയിച്ച ശേഷം രാജിവച്ച് മണ്ഡലത്തെ അനാഥമാക്കുമെന്ന് എതിരാളികൾ പ്രചരിപ്പിക്കും. 82ൽ നേമത്ത് കരുണാകരൻ നേരിട്ട വെല്ലുവിളി
അമേതിയിൽ തോൽവി ഭയക്കുന്നുവെന്ന സംഘപരിവാർ ആക്ഷേപം