കഴക്കൂട്ടം: കേരള യൂണിവേഴ്‌സി​റ്റിയുടെ ഒന്നാം വർഷം ഡിഗ്രി മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ വൻ അപാകത. പുനർ മൂല്യനിർണയം നടത്തിയപ്പോൾ തോറ്റ മൂന്ന് വിദ്യാർത്ഥികൾ വിജയിച്ചു. ആദ്യം 22 മാർക്ക് ലഭിച്ച കുട്ടിക്ക് 63, 24 മാർക്ക് ലഭിച്ചയാൾക്ക് 57, 37 ലഭിച്ച കുട്ടിക്ക് 55 എന്ന തരത്തിൽ മാർക്കുയർന്നു. മൂല്യ നിർണയം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർക്ക് വിദ്യാർത്ഥകൾ പരാതി നൽകി.

തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ 2017 - 2018 അദ്ധ്യായന വർഷത്തിലെ ഒന്നാം സെമസ്​റ്റർ വിദ്യാർത്ഥികളെയാണ് ദ്രോഹിച്ചത്. An indroduction to Mass Communication എന്ന പേപ്പ‌ർ എഴുതിയ 41 വിദ്യാർത്ഥികളിൽ വെറും 9 പേരാണ് വിജയിച്ചിരുന്നത്ത്. തോ​റ്റവരിൽ ക്ലാസിലെ മിടുക്കരുമുണ്ടായിരുന്നു. ഇവരിൽ മൂന്ന് പേർ ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനായി അപേക്ഷിച്ചു. അവരുടെ മാർക്കാണ് കുത്തനെ ഉയർന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് മൂല്യനിർണയത്തിന് അപേക്ഷ നൽകാത്തതെന്ന് തോ​റ്റ മ​റ്റ് കുട്ടികളിൽ പലരും പറയുന്നു.