kummanam-23

തിരുവനന്തപുരം : ആർക്കൊപ്പം നിൽക്കുമെന്ന് മനസു തുറക്കാത്ത അനന്തപുരിക്കായി മൂന്നു മുന്നണികളും നാടിന്റെ മുക്കും മൂലയും തേടിയെത്തുകയാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് നാല് ദിവസം ബാക്കിയുള്ളപ്പോൾ ഇടതുസ്ഥാനാർത്ഥി സി. ദിവാകരൻ ഒന്നാം ഘട്ട തയ്യാറെടുപ്പ് പൂർത്തിയാക്കി പാറശാലയിൽ നിന്ന് മണ്ഡലം പര്യടനത്തിന് തുടക്കമിട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ നിയോജക മണ്ഡലതലം വരെയുള്ള കൺവെൻഷനുകൾ കഴിഞ്ഞ് ഒന്നാം ഘട്ട ഒരുക്കങ്ങൾ ഇന്നലെ പൂർത്തിയാക്കി. എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പരസ്ഥിതിയുമായി ബന്ധപ്പെടുത്തി കുളം വൃത്തിയാക്കി വ്യത്യസ്‌തമായാണ് പ്രചാരണപരിപാടിക്ക് ഇന്നലെ തുടക്കമിട്ടത്.
പാറശാലയിലെ മഞ്ചവിളാത്തെ നെയ്‌ത്ത്ശാലയിലെ തൊഴിലാളികളുടെ സ്വീകരണത്തോടെയാണ് സി. ദിവാകരൻ 29 വരെ നീളുന്ന മണ്ഡലപര്യടനത്തിന് ഇന്നലെ തുടക്കമിട്ടത്. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കൊല്ലയിൽ കൃഷ്ണന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പദ്മശ്രീ ഗോപിനാഥന്റെ നെയ്‌ത്തുശാലയിലെത്തിയ ദിവാകരനെ തൊഴിലാളികൾ ആഹ്ളാദത്തോടെയാണ് എതിരേറ്റത്. കുന്നത്തുകാൽ, പെരുങ്കടവിള, ആര്യൻകോട്, ഒറ്റശേഖരമംഗലം, അമ്പൂരി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടർമാരെ കണ്ട ശേഷം രാത്രി
വൈകി ആദിവാസി ഊരുകളിലാണ് സമാപിച്ചത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കള്ളിക്കാട് ചന്ദ്രൻ, ഗോപകുമാർ, സി. സുന്ദരേശൻനായർ, വാഴിച്ചൽ ഗോപൻ, ശ്രീകുമാർ, കൊല്ലയിൽ ബിനു തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് കരമന, പൂജപ്പുര, സിറ്റി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് പര്യടനം.

അന്താരാഷ്ട്ര കാലാവസ്ഥാ ദിനത്തിൽ മരുതംകുഴി ക്ഷേത്രത്തിനു സമീപത്തെ ചിറ്റാൻകര കോട്ടൂർകോണം കുളം പ്രവർത്തകർക്കൊപ്പം വൃത്തിയാക്കിയാണ് കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. പായൽ നീക്കാനും ചെളി വാരാനും കുമ്മനം കുളത്തിലിറങ്ങിയത് പ്രവർത്തകർക്ക് ആവേശമായി. തുടർന്ന് കുളക്കരയിൽ ഫലവൃക്ഷം നട്ടാണ് മടങ്ങിയത്. ലോക ജലദിനമായിരുന്ന വെള്ളിയാഴ്‌ച ആനയറ ഈശാലയത്തിലെത്തിയപ്പോൾ സ്വാമി ഈശ സമ്മാനിച്ച പ്ളാവാണ് നട്ടത്. പാപ്പനംകോട് സജി, വട്ടിയൂർക്കാവ് ജയകുമാർ, വി.വി. രാജേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

തുടർന്ന് കവടിയാർ കൊട്ടാരവും സന്ദർശിച്ചു. പൂയം തിരുനാൾ ഗൗരി പാർവതി ലക്ഷ്മിബായി, ആദിത്യ വർമ്മ എന്നിവർ ചേർന്ന് കുമ്മനത്തെ സ്വീകരിച്ചു. ശബരിമല പ്രക്ഷോഭം നടന്നപ്പോൾ കുമ്മനം കേരളത്തിലില്ലാതിരുന്നത് കനത്ത നഷ്ടമായിരുന്നെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചതിലൂടെ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര തടസപ്പെടില്ലെന്ന് കുമ്മനം ഉറപ്പ് നൽകി.

ഡോ. ശശി തരൂരിന്റെ മണ്ഡലം ബൂത്ത് കൺവൻഷനുകൾ 28ന് മുമ്പ് പൂത്തിയാക്കും. ബൂത്ത് കൺവൻഷൻ, പ്രവർത്തക കൺവെൻഷൻ എന്നിവ മാത്രമാകാതെ കുടുംബയോഗങ്ങളായി നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി പറഞ്ഞു. ഗൃഹസന്ദർശനത്തിനുള്ള സ്‌ക്വാഡ് വർക്ക് ഏപ്രിൽ ഒന്നിന് ആരംഭിക്കും. പൊതുയോഗങ്ങൾ, മൈക്ക് അനൗൺസ്‌മെന്റ്, കുടുംബയോഗങ്ങൾ, മാസ് സ്‌ക്വാഡ് വർക്കുകൾ തുടങ്ങിയവ ഏപ്രിൽ 10 മുതൽ ആരംഭിക്കും.

കെ.പി.സിസി കാമ്പെയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലനത്തിനായി ഇന്നലെ നടത്തിയ ഏകദിന ശില്പശാലയിലും തരൂർ പങ്കെടുത്തു. വി.എസ്. ജോയി അദ്ധ്യക്ഷത വഹിച്ചു. തമ്പാനൂർ രവി, വി.എസ്. ശിവകുമാർ എം.എൽ.എ, സി.പി. ജോൺ, വിജയൻ തോമസ്, സണ്ണികുട്ടി എബ്രഹാം, എ.ആ.ർ നിഷാദ്, എം.ആർ. തമ്പാൻ, ജി.വി..ഹരി തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് തിരുവനന്തപുരത്തെ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി നടത്തിയ ആശയസംവാദത്തിലും തരൂർ പങ്കെടുത്തു.