നേമം: വെള്ളായണി വേവിള ഊക്കോട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം കടവിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തിൽ ഒരാൾ മുങ്ങി മരിച്ചു. ശംഖുംമുഖം ഡൊമസ്റ്റിക് ടെർമിനലിന് സമീപം ശ്രീചിത്ര നഗറിൽ കലാഹൗസിൽ പരേതനായ ചന്ദ്രന്റെയും ഇന്ദിരയുടെയും മകൻ ബിജു (47) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. ബിജുവും കൂട്ടുകാരായ ജയപ്രകാശ്, സനത്, സനൽ എന്നിവർ ഒരുമിച്ചാണ് ഉച്ചയ്ക്ക് ശേഷം കടവിൽ കുളിക്കാൻ എത്തിയത്. വേവിള സ്വദേശിയായ ബിനു എന്നയാളും ഇവരുടെ കൂടെയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുളിക്കുന്നതിനിടയിൽ ആഴമുള്ള സ്ഥലത്ത് ബിജു മുങ്ങിത്താഴുകയായിരുന്നു. വിഴിഞ്ഞം ഫയർ ഫോഴ്സ് എത്തും മുൻപ് തന്നെ ബിജുവിന്റെ മൃതദേഹം നാട്ടുകാർ കരയിലെത്തിച്ചു. ഡൊമസ്റ്റിക് ടെർമിനലിന് എതിർവശം ഹോട്ടൽ നടത്തി വരികയായിരുന്നു ബിജു. ഭാര്യ: അമ്പിളി. മക്കൾ: അമൃത, ഗോകുൽ.
ക്യാപ്ഷൻ: കായലിൽ കുളിക്കുന്നതിനിടയിൽ മരിച്ച ബിജു