photo

പാലോട്: നന്ദിയോട്ടെ ജൈവ കർഷകർക്ക് ആദരവർപ്പിച്ച് കരകുളം ആറാംകല്ലിലെ സൺഡേ മാർക്കറ്റ്. ഉല്പാദകനും ഉപഭോക്താവും തമ്മിലുള്ള കാർഷിക സൗഹൃദത്തിന് തുടക്കമിട്ട ഞായറാഴ്ച ചന്തയിൽ നന്ദിയോട് ജൈവ ഗ്രാമത്തിൽ നിന്നും പതിവായി ഉല്പന്നങ്ങൾ എത്തിക്കുന്ന കർഷകരെയാണ് ആദരിച്ചത്. ക്ഷീരകർഷകൻ പുരുഷോത്തമൻ നായർ, പച്ചക്കറി കൃഷിക്കാരായ ആനകുളം ഗീത, പാലുവള്ളി ശുഭാപ്രേമൻ, മീൻമുട്ടി സുരേന്ദ്രൻ, പുലിയൂർ അജയൻ, ആനക്കുഴി ചന്ദ്രൻ, മീൻമുട്ടിസെൽവൻ, ആലംപാറ വിനോദ്, സംയോജിത കർഷകരായ ജയലക്ഷ്മി, ചൂടൽ വിനോദ്, നന്ദിയോട് ജൈവ ചന്ത ടീമംഗങ്ങളായ താന്നിമൂട് ബിന്ദു, പവ്വത്തൂർ ശ്രീജിത്ത്, ഹിമ, സാവിത്രി എന്നിവർ ആദരം ഏറ്റുവാങ്ങി. പാൽ, പച്ചക്കറികൾ, മുട്ട, അരി, വാഴക്കുലകൾ, കിഴങ്ങുവർഗങ്ങൾ, നാളികേരം, വെളിച്ചെണ്ണ എന്നിങ്ങനെ എല്ലാത്തരം ഉല്പന്നങ്ങളും കരകുളത്ത് മുടങ്ങാതെ എത്തിക്കുന്നവരാണ് ഇവർ. വഴുതക്കാട് സ്വദേശിയും എയർ കാർഗോ ജനറൽ മാനേജരുമായ ജയരാജ്, മണ്ണാംമൂലയിൽ നിന്നും ജൈവ പച്ചക്കറി വാങ്ങാനെത്തിയ റിട്ട.ഐ.പി.എസ്‌ ഓഫീസർ നടരാജൻ, മണികണ്ഠശ്വരത്തു നിന്നും സ്ഥിരം മാർക്കറ്റിലെത്തുന്ന കെ.എസ്.ഇ.ബി വിജിലൻസ് ഓഫീസർ ഗിരീഷ്, റിട്ട.സെക്രട്ടറിയേറ്റ് ഓഫീസർ വാസു എന്നിവർ കർഷകരെ പൊന്നാട അണിയിച്ച് ഫലകം സമ്മാനിച്ചു. കരകുളം സമഭാവന സെക്രട്ടറി രാജേന്ദ്രൻ, പ്രസിഡന്റ് സന്തോഷ് എന്നിവർ നേതൃത്വം നൽകി. 13 ചന്തകൾ പിന്നിടുന്ന ആറാംകല്ലിലെ സണ്ഡേമാർക്കറ്റിനെ മുൻനിർത്തി ജൈവ സദസ്സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.