തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മൂന്ന് പേരാണ് സൂര്യാഘാതത്തെ തുടർന്ന് മരിച്ചത്.
സ്വന്തം കൃഷിയിടത്തിൽജോലി ചെയ്തുകൊണ്ടിരിക്കവെയാണ് പാറശാലയ്ക്ക് സമീപം നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് അയിര ഞാറക്കാല പെരിങ്ങാ ആവണിയിൽ കരുണാകരൻ (44) മരിച്ചത്.
കണ്ണൂരിൽ മാതമംഗലം വെള്ളോറയിൽ വിജനമായ സ്ഥലത്താണ് ചെക്കിക്കുണ്ട് സ്വദേശി കെ.നാരായണനെ (71) മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട കോഴഞ്ചേരിയിൽ
ഹോട്ടൽതൊഴിലാളിയായ നാരങ്ങാനം ലക്ഷംവീട് കോളനിയിൽ ഷാജഹാനെ (60) ഇന്നലെ വൈകിട്ട് മൂന്ന് ഓടെയാണ് മാരാമൺ ബിഷപ്പ് ഹൗസിന് മുമ്പിലെ റോഡിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് പാറശാല വാവ്വക്കരയിലെ വയലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കരുണാകരനെ ഉടൻ നാട്ടുകാർ പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ പലഭാഗത്തും വെയിലേറ്റ് പൊള്ളിയ പാടുണ്ട്.ചുമലിലും പുറത്തും തൊലി പൊളിഞ്ഞ് ഇളകിയ നിലയിലാണ്. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.
കരുണാകരന്റെ ഭാര്യ സുമി പട്ടം പി.എസ്.സി ഓഫീസിലെ ജീവനക്കാരിയാണ്. കൊറ്റാമം ഫാത്തിമാ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷയ് , ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേക് എന്നിവർ മക്കളാണ്.പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ശനിയാഴ്ച രാവിലെ വെള്ളോറ ടൗണിലേക്ക് പോയ നാരായണൻ
രാത്രിയായിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ഞായറാഴ്ച രാവിലെ തെരച്ചിലിലാണ് വിജനമായ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. കൈകാലുകളിലും മറ്റും പൊള്ളലേറ്റ അടയാളങ്ങൾ കണ്ടതിനാൽ സൂര്യാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. എന്നാൽ ശ്വാസതടസമാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പറയുന്നത്.സൂര്യാഘാതത്തെ തുടർന്ന് ശ്വാസതടസമുണ്ടായതാകാമെന്നും ഡോക്ടർമാർ പറയുന്നു.ജാനകിയാണ് നാരായണന്റെ ഭാര്യ:മക്കൾ: മധുസൂദനൻ , ഷാജി. മരുമക്കൾ: ശോഭന , സവിത .