yy

നെയ്യാറ്റിൻകര: ലൈഫ് പദ്ധതി പ്രകാരം നൂറുകണക്കിന് ഭവനരഹിതർക്ക് നെയ്യാറ്റിൻകരയിൽ വീട് വയ്ക്കാൻ ധനസഹായം നൽകിയിട്ടും ഇരുമ്പിൽ സ്വദേശി സബിതക്കും കുടുംബത്തിനും തലചായ്ക്കാൻ വീടില്ല. ഇരുമ്പിൽ കാരിച്ചം വിളാകത്ത് വീട്ടിൽ സബിതയും (24) ഭർത്താവും നാലും രണ്ടും വയസ് പ്രായമുള്ള കുഞ്ഞുങ്ങളും അച്ഛനും 6 സെന്റ് ഭൂമിയിലെ ഷീറ്റുപാകിയ ഒറ്റമുറി വീട്ടിലാണ് ഇപ്പോഴും താമസം. എന്നാൽ രണ്ട് വീടു വരെ സ്വന്തമായുള്ള അനർഹർക്ക് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചതായി സബിത നെയ്യാറ്റിൻകര നഗരസഭാ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. വേനൽക്കാലത്തും മഴക്കാലത്തും ദുരിതം ഒഴിയാറില്ല. വേനലായാൽ കൊടും ചൂടും മഴക്കാലത്ത് ഷീറ്റ് ചോർന്നൊലിക്കുന്നതു കാരണം രണ്ടു കുഞ്ഞുങ്ങൾക്കും അസുഖം ഒഴിഞ്ഞ നേരമില്ല. സബിത തൊഴിൽരഹിതയും ഭർത്താവ് കൂലിപ്പണിക്കാരനുമാണ്. പി.എം.എ. വൈ പദ്ധതി പ്രകാരം വീട് നെയ്യാറ്റിൻകര നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും 2016 മുതൽ 2019 വരെയുള്ള ലിസ്റ്റിൽ സബിതയുടെ പേരില്ല.