thamrabharani-river

കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിലൂടെ ഒഴുകുന്ന താമ്രഭരണി ആറ് ഇന്ന് കടൽവെള്ളം കയറി ഉപയോഗ യോഗ്യമല്ലാതായിരിക്കുകയാണ്. പറക്കാണി മണലിക്കാട് ബണ്ട് നിർമാണത്തിലുണ്ടായ കാലതാമസമാണ് പ്രശ്നങ്ങൾക്ക് കാരണം.

ആറിന്റെ കരയിൽ തമിഴ്നാട് വാട്ടർ അതോറിട്ടി നിർമ്മിച്ച കിണറുകളിൽ നിന്നാണ് ജില്ലയിലെ പല പഞ്ചായത്തുകളിലേക്കും ജലം വിതരണം ചെയ്യുന്നത്. താമ്രഭരണി നദി തേങ്ങാപട്ടണം ഭാഗത്തുവച്ചാണ് കടലിൽ ചേരുന്നത്. ഇവിടെ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണവേളയിൽ പൊഴിക്കരയിലെ മണൽത്തിട്ടകൾ മാറ്റിയതോടെയാണ് വേനൽക്കാലത്ത് കടൽ ജലം നദിയിലേക്ക് കലരാൻ തുടങ്ങിയത്. ഇക്കാരണത്താൽ ആറിനു സമീപ പ്രദേശങ്ങളിൽ നിർമ്മിച്ചിട്ടുള്ള കിണറുകളിലെ ജലവും ഉപയോഗശൂന്യമായി. ഉപ്പിന്റെ അംശം ഉള്ളതിനാൽ കിണറുകളിലെ മോട്ടോറുകളും കേടാകുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്നോണം പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും പറക്കാണി- മണലിക്കടവ് ബണ്ട് നിർമാണത്തിനായുള്ള ടെൻഡർ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.

തുടർന്ന് സർക്കാർ ബണ്ട് നിർമാണത്തിലേക്കായി തുക അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായിട്ടും ബണ്ട് നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുന്നതിനാലും പല രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടലുകളും കാരണമാണ് ബണ്ട് നിർമ്മാണം എങ്ങുമെത്താത്തതെന്ന് ജനങ്ങൾ പറയുന്നു. എത്രയും വേഗം ബണ്ട് നിർമ്മാണം പൂർത്തിയാക്കി പ്രശ്നപരിഹാരം കാണണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ബണ്ട് നിർമാണത്തിനായി അനുവദിച്ച തുക..... 16.37 കോടി