sunbern

തിരുവനന്തപുരം:കൊടുംചൂടിൽ കേരളം വെന്ത് ഉരുകവേ സൂര്യാഘാതത്തിൽ ഇന്നലെ മൂന്ന് പേർ കൂടി മരണമടഞ്ഞു. ഇതോടെ ഈയാഴ്‌ച മാത്രം നാല് പേർ മരിക്കുകയും 55 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.

തിരുവനന്തപുരം പാറശാല സ്വദേശി കരുണാകരൻ (44)​,​ കണ്ണൂർ മാതമംഗലം സ്വദേശി നാരായണൻ (67),​ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഷാജഹാൻ ( 60 ) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവരുടെ ത്വക്ക് പൊള്ളി അടർന്ന് മാറിയിരുന്നു.

ഇന്നലെ സംസ്ഥാനത്തെമ്പാടുമായി നിരവധിപേർക്ക് പൊള്ളലേറ്റു. പലർക്കും നിന്നനിൽപിലാണ് സൂര്യാഘാതമേൽക്കുന്നത്. പുനലൂരിൽ ഇന്നലെ രണ്ടു പേർക്ക് കൂടി സൂര്യാഘാതമേറ്റു. കറവൂർ സ്വദേശി ബിനു(44), കാര്യറ സ്വദേശിനി രേഷ്‌മ (24) എന്നിവർക്കാണ് പൊള്ളലേറ്റത്. മുഖത്തും, ദേഹത്തും പൊള്ളലേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സ തേടി.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നായ പുനലൂരിൽ ഇന്നലെ താപനില 38.05 ഡിഗ്രി സെൽഷ്യസായിരുന്നു. കാസർകോട്ട് കുമ്പളയിൽ മൂന്ന് വയസുകാരിക്കും, കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആർ.എസ്‍.പി നേതാവിനും പൊള്ളലേറ്റു.

ഈ വർഷം ഇതുവരെ 118 പേർക്ക് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
സംസ്ഥാനത്ത് 26 വരെ പത്ത് ജില്ലകളിൽ കൊടുംചൂടുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി വരെയും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.

ദുരന്തനിവാരണ അതോറിട്ടിയും മറ്റും ആവർത്തിച്ച് നൽകിയ മുന്നറിയിപ്പുകൾ ജനങ്ങൾ അവഗണിക്കുന്നതാണ് സൂര്യാഘാതമേറ്റുള്ള മരണങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു.

സൂര്യാഘാതമുണ്ടായാൽ !

ചൂടുള്ള സ്ഥലത്ത് നിന്ന് തണലിലേക്ക് മാറ്റുക.

തണുത്തവെള്ളം കൊണ്ട് ശരീരം തുടയ്ക്കുക.

ക്ഷീണം മാറ്റാൻ വെള്ളം കൊടുക്കുക

എത്രയും വേഗം ഡോക്ടറുടെ അടുത്ത് / ആശുപത്രിയിൽ എത്തിക്കുക.

പൊള്ളലേറ്റാൽ

കടുത്ത വെയിൽ നേരിട്ടേൽക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം, കഴുത്തിന്റെ പിൻവശം തുടങ്ങിയ ശരീരഭാഗങ്ങൾ ചുവന്നു തടിക്കും. വേദനയും പൊള്ളലുമുണ്ടാകും. കഠിനമായ സൂര്യാതപമേറ്റാൽ തീപ്പൊള്ളൽ പോലെ കുമിളകൾ ഉണ്ടാകാറുണ്ട്. ഈ കുമിളകൾ പൊട്ടിക്കരുത്. ലക്ഷണം കണ്ടാൽ ഉടൻ ആശുപത്രിയിലെത്തിക്കുക.

നാലുലക്ഷം വരെ സഹായം

സൂര്യതാപം പ്രകൃതിദുരന്തമായി കണക്കാക്കി മാർച്ച് 11ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.ഇതനുസരിച്ച് സൂര്യതാപം, ഉഷ്‌ണതരംഗം, സൂര്യാഘാതം എന്നിവയേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപവരെ നഷ്‌ടപരിഹാരത്തിന് അർഹതയുണ്ട്. കാഴ്‌ച നഷ്‌ടമായാൽ രണ്ടു ലക്ഷം വരെയും പരിക്കേറ്റാൽ 12,500 രൂപയും കിട്ടും. മൃഗങ്ങൾ ചത്താൽ 30,000 രൂപ ലഭിക്കും. കുടിവെള്ള പ്രശ്നമുണ്ടായാൽ പരമാവധി 25,000 രൂപ.

മരണം ഒരുമിനിറ്റിനുള്ളിൽ

അന്തരീക്ഷ താപം അസഹ്യമായാൽ ശരീരത്തിലെ ജലാംശം അതിവേഗം കുറയും. നിർജലീകരണം ഹൃദയം,വൃക്ക,എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കും.

രക്തയോട്ടം നിലയ്ക്കും. അത്യുഗ്ര ചൂടേറ്റാൽ ഒരുനിമിഷത്തിൽ ബോധംകെട്ട് വീഴും.

തൊലി ഇളകിമാറുന്നതും പൊള്ളലേൽക്കുന്നതും പാർശ്വഫലം മാത്രമാണ്. അത് മരണകാരണമാകുന്നില്ല.

​​-ഡോ.ഷർമ്മദ് ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ,​ ആയൂഷ്