രാഹുൽഗാന്ധി വയനാട്ടിലെത്തുന്നതിനെ വിമർശിക്കുന്ന സി.പി.എം നേതാക്കൾ കോൺഗ്രസിനെ ഫിനിഷ് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പ്രചാരണത്തിരക്കിനിടയിൽ കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ന്യൂനപക്ഷ, ഭൂരിപക്ഷവോട്ടുകൾ കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
? രാഹുലിന്റെ വരവിലൂടെ പ്രതീക്ഷ?
രാഹുൽഗാന്ധി വരുന്നതോടെ കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഗുണപരവും ദൂരവ്യാപകവുമായ മാറ്റമുണ്ടാവുകയാണ്. ആദ്യമായാവും ഒരു ദേശീയ നേതാവ് കേരളത്തിൽ മത്സരിക്കുന്നത്( അദ്ദേഹമനുവദിച്ചാൽ ) . മതേതരവോട്ടുകൾ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പിന്നിൽ അണിനിരക്കും. ദക്ഷിണേന്ത്യയിലാകെ ആവേശമാകും. ബി.ജെ.പിയെ ശക്തിപ്പെടുത്തി കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് എൽ.ഡി.എഫ് ശ്രമിച്ചത്. അതിവിടെ പരാജയപ്പെടുകയാണ്.
? ആറ് മാസം മുമ്പേ അന്തരീക്ഷത്തിലുള്ളതാണെങ്കിലും രാഹുൽ വയനാട്ടിൽ വരുമെന്ന ഇപ്പോഴത്തെ വെളിപ്പെടുത്തൽ നിഗൂഢവും നാടകീയവുമായത് എതിരാളികൾ ആയുധമാക്കുന്നു. സ്മൃതിഇറാനിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചശേഷമുണ്ടായ ഭയമെന്ന് ബി.ജെ.പി ആരോപിച്ചു
രാഹുൽഗാന്ധി ആദ്യമേ പ്രഖ്യാപിച്ചതാണ് അമേതി. സ്മൃതി ഇറാനിയെ പ്രഖ്യാപിച്ചത് കൊണ്ടല്ലല്ലോ അത്. അദ്ദേഹം അവിടെയും ഇവിടെയും ജയിക്കും. രാഹുൽഗാന്ധി ഇവിടെ മത്സരിക്കണമെന്നത് ഞങ്ങളെപ്പോഴും അദ്ദേഹത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. വയനാട്ടിൽ സ്ഥാനാർത്ഥിയെ ഞങ്ങൾ പ്രഖ്യാപിച്ചിട്ടില്ലല്ലോ. ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് കൊണ്ടുതന്നെ ഇതുവരെ പരിപാടികളിൽ ഞങ്ങളാരും അവിടെ പോയില്ല. ആ ഘട്ടത്തിൽ തെക്കേ ഇന്ത്യയിലും മത്സരിക്കാമെന്ന ചിന്ത എ.ഐ.സി.സിയിൽ രൂപപ്പെട്ടുവന്നപ്പോൾ ഞങ്ങൾ പറഞ്ഞു, കേരളത്തിലാണ് നല്ലതെന്ന്.
? ബി.ജെ.പിക്കെതിരെ മതേതരകക്ഷികളുടെ വിശാല ഐക്യത്തിന് മുന്നിൽ നിൽക്കുന്ന രാഹുൽഗാന്ധി മുഖ്യ എതിരാളി ബി.ജെ.പിയല്ലാത്ത വയനാട്ടിലെത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലെ സാംഗത്യത്തെ സി.പി.എം ചോദ്യം ചെയ്യുന്നു
സി.പി.എം വലിയ വർത്തമാനമൊന്നും പറയേണ്ട. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാൻ തീരുമാനിച്ച ഞങ്ങൾ ഇവർക്കായി അത് വേണ്ടെന്ന് വച്ചിട്ടും വഞ്ചിച്ചവരാണിവർ. ദേശീയ ഐക്യത്തിനും മതേതരമുന്നേറ്റത്തിനും താത്പര്യമുള്ളവരായിരുന്നെങ്കിൽ അത് ചെയ്യില്ല. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ള കേരള നേതാക്കൾ ആഗ്രഹിച്ചത് കോൺഗ്രസിനെ ഫിനിഷ് ചെയ്യാനാണ്. അവരാണിപ്പോൾ രാഹുൽഗാന്ധി വരുന്നെന്ന് കേട്ടപ്പോൾ എന്ത് സന്ദേശമാണ് നൽകുകയെന്ന് ചോദിക്കുന്നത്. എന്ത് സന്ദേശമാണ് ഇത്രയും കാലം മുഖ്യമന്ത്രിയും കേരളനേതാക്കളും കൊടുത്തുകൊണ്ടിരുന്നത്. യെച്ചൂരിയെ താഴ്ത്തിക്കെട്ടാനും പുറത്താക്കാനും നോക്കിയത് യെച്ചൂരി കോൺഗ്രസുമായി ചേരാൻ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചാണ്.
? അമേതിയിലും വയനാട്ടിലും ജയിച്ചാൽ ഏത് മണ്ഡലം രാഹുൽ ഒഴിയും എന്നതൊരു ചോദ്യമല്ലേ. കോടിയേരി ബാലകൃഷ്ണൻ അത് പറഞ്ഞു
വയനാട് ജയിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ച സ്ഥിതിക്ക് അവിടെയുള്ള സ്ഥാനാർത്ഥിയെ പിൻവലിച്ച് പ്രശ്നമുണ്ടാക്കാതെ രാഹുലിനെ പിന്തുണയ്ക്കുകയല്ലേ വേണ്ടത്. ദേശീയതലത്തിൽ നരേന്ദ്രമോദിക്കെതിരെ പോരാട്ടം നടത്തുന്ന രാഹുൽഗാന്ധിയെ പിന്തുണയ്ക്കാൻ എന്തുകൊണ്ട് ഇടതുപക്ഷം മുന്നോട്ട് വരുന്നില്ല
? സ്ഥാനാർത്ഥി നിർണയത്തിൽ കേരളത്തിൽ ജയസാദ്ധ്യത മാത്രമാകും മാനദണ്ഡമെന്ന് തുടക്കം മുതൽ ആവർത്തിച്ചിട്ടും കാര്യത്തോടടുക്കുമ്പോൾ ഗ്രൂപ്പ് വീതംവയ്പിലേക്കെത്തി
ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ആദ്യം പരാജയമേറ്റുവാങ്ങുകയുമാണ് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും എന്നത്തെയും ശീലം. തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിലെന്ന് മനസിലായപ്പോഴാണ് ഞങ്ങളല്പം വൈകിപ്പിച്ചത്. മനഃപൂർവമല്ല. ഇത്തവണത്തെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ പടക്കുതിരകളും ചുണക്കുട്ടികളുമാണ്. ഗ്രൂപ്പൊക്കെയുണ്ടാകും. അതൊന്നും സ്ഥാനാർത്ഥികളെ ബാധിച്ചിട്ടില്ല.
? വയനാട് എ ഗ്രൂപ്പ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഐ ഗ്രൂപ്പ് രഹസ്യയോഗം ചേർന്നതൊക്കെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരോഗ്യകരമാണോ
അതെല്ലാം കഴിഞ്ഞല്ലോ. രാഹുൽഗാന്ധി വരികയാണെങ്കിൽ ആ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലല്ലോ. ഇത്തരം ചർച്ചകൾക്ക് വഴി തെളിക്കണമായിരുന്നോ എന്നൊക്കെ എല്ലാവരും ആലോചിക്കേണ്ടതാണ്.
? ജീവന്മരണ പോരാട്ടമെന്ന് കോൺഗ്രസ് തന്നെ പറയുന്ന യുദ്ധത്തിൽ കേരളത്തിലെ മുൻനിര നേതാക്കൾ മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതിലെ വൈരുദ്ധ്യം
നമ്മളാരെയും നിർബന്ധിച്ച് മത്സരിപ്പിക്കുന്നത് ശരിയല്ല. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് സത്യമാണ്. അദ്ദേഹത്തിന് എല്ലായിടവും പോയി തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കേണ്ടതുണ്ട്. മുൻ മുഖ്യമന്ത്രിക്ക് ആന്ധ്രയുടെ ചുമതലയുണ്ടെന്ന് പറഞ്ഞു. അവിടെ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്. വി.എം. സുധീരൻ പണ്ടേ മത്സരിക്കാനില്ലെന്ന് പറഞ്ഞയാളാണ്. നിർണായകഘട്ടമാണെങ്കിലും ആരെയും നിർബന്ധിക്കേണ്ടെന്ന് തീരുമാനമെടുത്തു. എല്ലാവരും പ്രചാരണരംഗത്ത് സജീവമായിരിക്കും.
? വയനാട് എ ഗ്രൂപ്പ് പിടിച്ചെടുത്തപ്പോൾ പകരം വടകര ഐ ഗ്രൂപ്പ് കൈക്കലാക്കിയെന്ന അവകാശവാദമുണ്ടല്ലോ. ശരിക്കും വടകരയിലേക്ക് കെ. മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് നയിച്ചതെന്താണ്
വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ കഴിഞ്ഞതവണ സ്ഥാനാർത്ഥിയാക്കാൻ മുൻകൈയെടുത്തത് ഞാൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെയാണ്. ഇടതുപക്ഷത്തിന് മുൻതൂക്കമുണ്ടായിരുന്ന മണ്ഡലത്തിൽ രണ്ടുതവണയായി മുല്ലപ്പള്ളി ജയിച്ചുപോരുന്നു. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായപ്പോൾ മത്സരിക്കുന്നില്ലെന്ന നിലപാടെടുത്തു. പകരം പറ്റിയൊരാളെ കണ്ടുപിടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടയിലാണ് പി. ജയരാജൻ വന്നത്. ജയരാജനെ തോല്പിക്കാൻ കഴിയുന്ന സീനിയറായൊരാൾ വേണമെന്ന അഭിപ്രായമുണ്ടായി. ആർ.എം.പിയും ലീഗും അഭിപ്രായപ്പെട്ടു. പല പേരുകൾ പരിഗണിച്ചു. ഏറ്റവും അവസാനം വന്ന പേര് മുരളീധരന്റേതാണ്. അങ്ങനെയാണ് മുരളീധരനെപ്പോലെ, മുൻ കെ.പി.സി.സി പ്രസിഡന്റായ, സമർത്ഥനായ സീനിയർ നേതാവിനെ നിറുത്താൻ തീരുമാനിച്ചത്.
? ഉമ്മൻ ചാണ്ടിയുടെ മാത്രമായി, ഏതെങ്കിലും തരത്തിലുള്ള ഇടപെടലുണ്ടായിട്ടുണ്ടോ
ഇല്ല. എല്ലാവരും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്.
?വടകരയടക്കം അഞ്ചിടത്ത് കോ-ലീ-ബി സഖ്യമാരോപിച്ച് സി.പി.എം രംഗത്ത് വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് കോൺഗ്രസിന് സി.പി.എം വോട്ട് മറിക്കുമെന്ന് ബി.ജെ.പിയും പറയുന്നു. അങ്ങനെയുള്ള വോട്ടാണോ കോൺഗ്രസനെ തുണയ്ക്കാൻ പോകുന്നത്
തിരുവനന്തപുരത്ത് ശശിതരൂർ കഴിഞ്ഞ രണ്ട് തവണയായി ജയിച്ചയാളാണ്. അവിടെ ഞങ്ങൾക്ക് വെല്ലുവിളിയേ ഇല്ല. കുമ്മനം വന്നതോടെ ഞങ്ങളുടെ വിജയം കുറച്ചുകൂടി അനായാസമായി. അന്തർദ്ദേശീയതലത്തിൽ ശ്രദ്ധേയനായ തരൂരിനെ വിജയിപ്പിക്കാൻ ജനം മുന്നോട്ടു വരുമെന്നതിൽ തർക്കമില്ല. സി.പി.എം എവിടെ വോട്ട് മറിക്കാനാണ്? സി.പി.എമ്മിന്റെ വോട്ട് കിട്ടിയിട്ടാണോ ഞങ്ങളെല്ലായിടത്തും വിജയിക്കുന്നത്? അല്ലാതെ തന്നെ തിരുവനന്തപുരം ജയിക്കാൻ കഴിയുന്ന അവസ്ഥയുണ്ട്.
? വടകരയിൽ സി.പി.എമ്മിനെതിരെ ബി.ജെ.പിയടക്കം എല്ലാവരും അണിനിരക്കുകയാണോ
കുറേക്കാലമായി ഈയൊരു പ്രചാരണം അഴിച്ചുവിടുകയാണ്. ഇന്ത്യയിലെ മതേതരവിശ്വാസികൾ ഒറ്റക്കെട്ടായി രാഹുൽഗാന്ധിയുടെ പിന്നിൽ അണിനിരക്കുകയാണ്. ഇത് പഞ്ചായത്ത് തിരഞ്ഞെടുപ്പല്ല. പാർലമെന്റ് തിരഞ്ഞെടുപ്പാണ്. അവിടെ പോരാട്ടം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്. കോൺഗ്രസിന്റെ സീറ്റ് കുറയ്ക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ബി.ജെ.പിയുടെ സീറ്റ് കുറയ്ക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അവിടെ ഐക്യമുണ്ടെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്നവരാരെങ്കിലും വിശ്വസിക്കുമോ? ഇത് ന്യൂനപക്ഷവോട്ടുകൾ കിട്ടാൻ ഇടയ്ക്കിടയ്ക്ക് സി.പി.എം പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഇത്തവണ അതൊന്നും ചെലവാകില്ല. യഥാർത്ഥത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ് കൂട്ടുകെട്ട്. ഞങ്ങളുടെ സീറ്റ് കുറയ്ക്കുകയാണ് രണ്ട് പേരുടെയും ലക്ഷ്യം. കേരളത്തിലും ഇന്ത്യയിലും ഏറ്റവും കൂടുതൽ സീറ്റുകൾ രാഹുൽഗാന്ധിക്കായി എത്തിക്കാനുള്ള ദൗത്യത്തിൽ മുഴുവൻ ജനാധിപത്യശക്തികളെയും ഒരുമിപ്പിച്ച് നിറുത്താനുള്ള ഉത്തരവാദിത്വമാണ് ഞങ്ങളുടേത്.
? രാഹുൽഗാന്ധി വരുമ്പോൾ കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ ചോർന്നുപോയ ന്യൂനപക്ഷവോട്ടുകളെ തിരിച്ചെത്തിക്കാമെന്ന കണക്കുകൂട്ടലാണോ
ന്യൂനപക്ഷവോട്ടുകൾ മാത്രമല്ല, ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകളെല്ലാം തിരിച്ചുവരും. രാഹുൽഗാന്ധി വരുന്നതോടെ കേരളത്തിൽ യു.ഡി.എഫ് തൂത്തുവാരും.
? അമേതിയിലെ എതിരാളി സ്മൃതി ഇറാനിയെ വയനാട്ടിലും ബി.ജെ.പി ഇറക്കുമെന്ന വാർത്തകളുണ്ട്
ഒരു പ്രശ്നവുമില്ല. ആര് വന്നാലും വൻഭൂരിപക്ഷത്തോടെ രാഹുൽഗാന്ധി വിജയിക്കും.
? കഴിഞ്ഞ യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ അമേതിയിലുൾപ്പെട്ട നിയോജകമണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് തോറ്റു. 2014ലും രാഹുലിന്റെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായി. ഈ പശ്ചാത്തലം നോക്കുമ്പോൾ അദ്ദേഹം സുരക്ഷിതമണ്ഡലം തേടി വയനാട്ടിലെത്തുന്നുവെന്ന് പറഞ്ഞാൽ
ബി.ജെ.പിക്കാർ ഇങ്ങനെ വ്യാജപ്രചാരണം നിരന്തരം നടത്താറുണ്ട്. സ്മൃതി ഇറാനി അല്ല, നരേന്ദ്രമോദി വയനാട്ടിൽ വന്നാലും രാഹുൽഗാന്ധി ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും.