തിരുവനന്തപുരം: നേതൃപരമായ ഏകോപനവും മാനേജ്മെന്റ് പാടവവുമൊക്കെ കട്ടപ്പുറത്തായതോടെ കെ.എസ്.ആർ.ടി.സി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ജനുവരിയിൽ ശരാശരി ദിവസ വരുമാനം ഏഴു കോടിയും ഫെബ്രുവരിയിൽ 6.6 കോടി രൂപയുമായിരുന്ന കളക്‌ഷൻ ഇപ്പോൾ 5.7 കോടിയിലേക്ക് താഴ്ന്നു. കോർപറേഷന്റെ ഒരു ദിവസത്തെ ചെലവു നടന്നുപോകണമെങ്കിൽ 6.3 കോടി രൂപയെങ്കിലും വേണം. ആ കണക്കിൽ മാത്രം പ്രതിദിനം 60 ലക്ഷത്തോളം രൂപയാണ് നഷ്ടം.
ഈ പോക്കുപോയാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനടക്കം കോർപറേഷന് കടം വാങ്ങേണ്ടിവരും.
ഈ മാസം ആകെ എട്ടു ദിവസം മാത്രമാണ് കളക്‌ഷൻ ആറു കോടി രൂപ പിന്നിട്ടത്. മുൻ എം.ഡി ടോമിൻ ജെ. തച്ചങ്കരി തുടങ്ങി വച്ച പല പരിഷ്കാരങ്ങളും തൊഴിലാളി സംഘടനകളുടെ താത്പര്യത്തിനു വഴങ്ങി പുതിയ എം.ഡി എം.പി. ദിനേശ് അട്ടിമറിച്ചു. ഇതാണ് കളക്‌ഷൻ കുറയാൻ പ്രധാനകാരണമെന്ന് കോർപറേഷനിലുള്ളവർ തന്നെ സമ്മതിക്കുന്നു.
തലതിരിഞ്ഞ പരിഷ്കാരങ്ങളിലൂടെ സ്ഥിരം യാത്രക്കാരെ മുഴുവൻ കെ.എസ്.ആർ.ടി.സി വെറുപ്പിച്ചതാണ് വരുമാനത്തിൽ ഭീമമായ ഇടിവ് സംഭവിക്കുന്നതിന് പ്രധാന കാരണം. കോർപറേഷനിൽ ആകെപ്പാടെ നടക്കുന്നത് ഷെഡ്യൂൾ പരിഷ്കരണമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഈ ഷെഡ്യൂൾ പരിഷ്കരണത്തിന്റെ പേരിൽ സംസ്ഥാനത്താകെ വെട്ടിക്കുറച്ച സർവീസുകളുടെ എണ്ണം ആയിരത്തോളമാണ്. പതിവു ബസുകളെയൊന്നും കിട്ടാതായപ്പോഴേക്കും യാത്രക്കാർ സ്വകാര്യബസുകളെയും സമാന്തര സർവീസുകളെയും ആശ്രയിച്ചു. ഫലത്തിൽ കെ.എസ്.ആർ.ടി.സിയുടെ തലപ്പത്തിരിക്കുന്നവർ സ്വകാര്യബസുകളെയും സമാന്തര സർവീസുകാരെയും സഹായിക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടുതൽ സമാന്തര സർവീസുകൾ ആരംഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ സ്വകാര്യബസുകൾ കൂടുതൽ റൂട്ടുകളിലോടിയെത്തി. സ്വകാര്യമേഖല തഴച്ചുവളർന്നപ്പോൾ കെ.എസ്.ആർ.ടി.സി ദിനംപ്രതി മുങ്ങുന്ന കപ്പലായി.
രേഖകളിൽ പറയുന്ന സർവീസുകൾ 6200
മുമ്പ് നിരത്തിലുണ്ടായിരുന്നത് 5200- 5400
ഇപ്പോൾ സർവീസ് നടത്തുന്നത് 4200- 4800
കട്ടപ്പുറത്ത് 900
പ്രതിദിന കളക്‌ഷൻ
റിവേഴ്സ് ഗിയറിൽ
ജനുവരി 5 ......................... 7,27,99,683
ജനുവരി 11....................... 7,33,45,193
ജനുവരി 27......... ...... .. 5,62,45,136
മാർച്ച് 20......................... 5,76,35,972
മാർച്ച് 22 ...........................5,77,62,531