atl24mc

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പച്ചക്കറി സമൃദ്ധി വേനലിലും ശ്രദ്ധാ കേന്ദ്രമാകുന്നു. വഴുതന, തക്കാളി, വെണ്ടയ്ക്ക, പടവലം, വെള്ളരി, ചീര, മത്തൻ എന്നിങ്ങനെ ഒട്ടുമിക്ക പച്ചക്കറികളും സമൃദ്ധമായി വിളയുകയാണ് സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ. സ്കൂളിലെ സ്ഥല പരിമിതി കാരണം പൂർവ വിദ്യാർത്ഥിയായ ജിംജൻ സ്കൂളിന് സമീപത്തെ തന്റെ പുരയിടം കൃഷിക്കായി വിട്ടു നൽകുകയായിരുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആറ്റിങ്ങൽ നഗരസഭ കൃഷി ഭവന്റെ സഹകരണവും കുട്ടി കർഷകർക്ക് പ്രോത്സാഹനമാണ്. കടുത്ത വേനലായതിനാൽ രണ്ടുനേരവും കുട്ടികൾ തോട്ടം നനയ്ക്കും.

ആഴ്ചയിൽ രണ്ടു ദിവസം വീതം തക്കാളിയും വെണ്ടയ്ക്കയും ചീരയുമൊക്കെ വിളവെടുക്കും. സ്കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായത് നൽകിയതിന് ശേഷം ബാക്കി വരുന്നത് അദ്ധ്യാപകർക്കും നാട്ടുകാർക്കും വിൽക്കുകയാണ് പതിവ്. കൃഷിഭവന്റെ സഹകരണത്തോടെ ശീതകാല പച്ചക്കറികളായ കോളിഫ്ലവറും കാബേജും വിജയകരമായി കൃഷി ചെയ്തു വിളവെടുത്തിരുന്നു. സ്കൂളിനു സമീപത്തെ തരിശുനിലം പാട്ടത്തിനെടുത്ത് കഴിഞ്ഞ മൂന്നു വർഷമായി നെൽക്കൃഷി ചെയ്തും ഇവർ മാതൃക കാട്ടിയിരുന്നു.