തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ ബി.ജെ.പിയെക്കാൾ ശക്തമായി സി.പി.എം എതിർക്കുന്നത് അവരുടെ രാഷ്ട്രീയപാപ്പരത്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കേരളജനതയ്ക്ക് കിട്ടിയ സുവർണാവസരമാണിത്. ഇന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി ചേർന്ന ശേഷം രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമുണ്ടാകും.
രാഹുൽ മത്സരിച്ചാൽ കോൺഗ്രസ് 20 സീറ്റുകളും തൂത്തുവാരുമെന്നതാണ് യാഥാർത്ഥ്യം. അത് അറിയാവുന്നത് കൊണ്ടുള്ള ആശങ്കയാണ് സി.പി.എമ്മിന്. ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരായ പോരാട്ടത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അവർ നിലപാട് പുനഃപരിശോധിക്കണം. സ്ഥാനാർത്ഥിയെ പിൻവലിച്ച് രാഹുൽഗാന്ധിയെ പിന്തുണച്ചാൽ അവരുടെ മതേതരനിലപാടിലെ ആത്മാർത്ഥത മനസിലാക്കാം. അതിന് സി.പി.എം മുൻകൈയെടുക്കുമോ?
ഇത്രയും നാൾ അന്ധമായ കോൺഗ്രസ് വിരോധം വച്ചുപുലർത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷം പരാജയപ്പെടുമെന്നായപ്പോൾ രാഹുൽഗാന്ധി എന്ത് സന്ദേശമാണ് നൽകുന്നതെന്ന ചോദ്യവുമായി വരുന്നു. പാർട്ടികോൺഗ്രസിലടക്കം വിശാല മതേതര പ്ലാറ്റ്ഫോമിനെതിരെ ശക്തമായി നിലകൊണ്ടയാളാണ്. യെച്ചൂരിയെ ഒറ്റപ്പെടുത്താൻ നോക്കി. ബംഗാൾഘടകത്തിന്റെ നീക്കങ്ങളെ കേരളനേതാക്കൾ പൊളിച്ചു. ഇപ്പോൾ അതുകൊണ്ട് ബംഗാളിലും ധാരണയായില്ല. രാഹുലിനെതിരെ മത്സരിക്കുക വഴി എന്ത് സന്ദേശമാണവർ നൽകുക? രാഹുലിനെ വിജയിപ്പിക്കാൻ പിന്തുണയ്ക്കാതിരുന്നത് ചരിത്രപരമായ മണ്ടത്തരമായി പിന്നീടവരുടെ പാർട്ടി തന്നെ വിലയിരുത്തും.
അവസരവാദപരമായ സമീപനമാണു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത്. അന്ധമായ കോൺഗ്രസ് വിരോധം ഇപ്പോഴും വച്ചു പുലർത്തുന്നതു പിണറായി വിജയനാണ്. മുഖ്യശത്രു ആരെന്നു കണ്ടെത്താൻ കഴിയാതെ സി.പി.എം പ്രതിസന്ധിയിലാണ്.