bjp

തിരുവനന്തപുരം:വയനാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി മത്സരിച്ചാൽ ബി.ഡി.ജെ.എസിന് കൈമാറിയ മണ്ഡലം ബി.ജെ.പി തിരിച്ചെടുത്ത് പ്രമുഖരെ ആരെയെങ്കിലും കളത്തിലിറക്കിയേക്കും. ഇതിനുള്ള അണിയറനീക്കങ്ങൾ സജീവമായി.

ബി.ഡി.ജെ.എസ് നേതൃത്വവുമായി ബി.ജെ.പി നേതൃത്വം ഇക്കാര്യത്തിൽ ധാരണയായെന്നാണ് സൂചന. ബി.ജെ.പി അഖിലേന്ത്യാ നേതൃത്വവുമായി സംസ്ഥാന നേതൃത്വം ഇക്കാര്യം സംസാരിച്ചു. സംസ്ഥാനത്തെ തന്നെ മുൻനിര നേതാക്കളോ ദേശീയതലത്തിലെ ശ്രദ്ധേയമുഖമോ ആണ് ചർച്ചയിൽ. രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസിന്റെ തീരുമാനം വന്നശേഷമേ ഇതിലേക്ക് ബി.ജെ.പി നേതൃത്വം കടക്കൂ. സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ്. ശ്രീധരൻപിള്ളയോ ജനറൽസെക്രട്ടറി എം.ടി. രമേശോ വരാനുള്ള സാദ്ധ്യതയുണ്ട്.

ബി.ജെ.പിയുടെ മുഖ്യ എതിരാളിയായ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽഗാന്ധി വയനാട്ടിൽ എത്തിയാൽ ശ്രദ്ധേയമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുന്ന നേതാവ് വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം.
ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി വയനാട്ടിലേക്ക് പരിഗണിക്കുന്ന ആന്റോ അഗസ്റ്റിനെ അത്യാവശ്യമെങ്കിൽ പിൻവലിക്കാൻ ബി.ഡി.ജെ.എസ് നേതൃത്വം സമ്മതം മൂളിയതായാണ് വിവരം. സി.പി.ഐയിലെ പി.പി. സുനീറാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി. നേരത്തേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ഇടതുമുന്നണി പ്രചാരണത്തിൽ ഏറെ മുന്നിലാണ്.

രാഹുൽ വയനാട്ടിൽ മത്സരിക്കുക വഴി എന്ത് സന്ദേശമാണ് കോൺഗ്രസ് നൽകുന്നത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം രാഷ്ട്രീയചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ മുന്നണിപ്പോരാളിയായി എടുത്തുകാട്ടുന്ന രാഹുൽ ബി.ജെ.പി മുഖ്യ എതിരാളിയല്ലാത്ത വയനാട്ടിൽ മത്സരിക്കുന്നതിലെ സാംഗത്യമാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നത്. എന്നാൽ, മതേതര മുന്നണിക്കായുള്ള പോരാട്ടത്തിൽ രാഹുലിനെ പിന്തുണയ്ക്കാതെ ഇടതുപക്ഷം എതിർക്കുന്നതാണ് തെറ്റായ സന്ദേശമെന്ന് കോൺഗ്രസ് തിരിച്ചടിക്കുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രധാനമായും ഉയർത്തിയത് ഈ വാദഗതിയാണ്.
യു.പിയിലെ അമേതിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സ്‌മൃതി ഇറാനിയെ പ്രഖ്യാപിച്ച ശേഷമാണ് രാഹുലിനെ വയനാട്ടിലേക്കും പരിഗണിക്കുന്നുവെന്ന് കോൺഗ്രസ് പ്രചരിപ്പിച്ചതെന്നാണ് ബി.ജെ.പിയുടെ വാദം. ഇത് അമേതിയിലെ തോൽവി ഭയന്നാണെന്ന് അവർ ആക്ഷേപിക്കുന്നു. വയനാട്ടിൽ മുൻനിര നേതാക്കളെ ഇറക്കി പോരാടുമ്പോൾ മുഖ്യമായും ബി.ജെ.പി ഉയർത്താൻ പോകുന്നതും ഈ ആരോപണമായിരിക്കും.