car

വർക്കല: വർക്കല ക്ഷേത്രം ഗസ്റ്റ് ഹൗസ് കുരയ്ക്കണ്ണി റോഡിൽ അപകടങ്ങൾ പതിവാകുന്നു. ഗസ്റ്റ് ഹൗസിന് സമീപം കയറ്റം ഇറങ്ങി വരുന്ന വാഹനങ്ങൾ താഴെ വശത്തെ റോഡിലേക്ക് മറിഞ്ഞുള്ള അപകടങ്ങൾ പതിവായിരിക്കുകയാണ്. ടൂറിസം മേഖല കൂടിയായ ഇവിടെയെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങളും അപകടത്തിൽ പെടാറുണ്ട്. പാപനാശം ഹെലിപ്പാടും, ബ്ലാക്ക് ബീച്ച് എന്നറിയപ്പെടുന്ന തിരുവമ്പാടി ഭാഗത്തും അവധി ദിവസങ്ങളിൽ തിരക്കേറും.

ഹെലിപ്പാട്, തിരുവമ്പാടി എന്നിവിടങ്ങളിലേക്ക് തിരിയുന്ന ഇടറോഡുകൾ വന്നുചേരുന്ന റോഡിൽ അമിതവേഗത്തിൽ എത്തുന്ന ഇരുചക്ര വാഹനങ്ങൾ അപകടഭീഷണി ഉയർത്തുന്നു. യുവാക്കളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. ഹെലിപ്പാടിൽ യുവാക്കളുടെ അഭ്യാസങ്ങൾ പതിവാണ്. വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ഇവരുടെ ബൈക്ക് അഭ്യാസം. കാതടപ്പിക്കുന്ന തരത്തിലുളള അമിത ശബ്ദം പുറപ്പെടുവിച്ച് വിശ്രമിക്കാനും കടൽകാഴ്ച കാണാനും എത്തുന്ന സഞ്ചാരികളുടെ ഇടയിലേക്ക് വാഹനങ്ങൾ ഓടിച്ചുകൊണ്ടു പോകുന്നതും പതിവ് കാഴ്ചയായിട്ടുണ്ട്. അവധി ദിവസങ്ങളിലാണ് അപകടങ്ങൾ പെരുകുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നും നിരവധിപേർ വാഹനങ്ങളിൽ ഹെലിപ്പാടിലെത്തുന്നുണ്ട്. കുരയ്ക്കണ്ണി റോഡിലും ബീച്ച് റോഡിലും മദ്യലഹരിയിൽ സഞ്ചരിക്കുന്നവരുടെ വാഹനങ്ങൾ അപകടമുണ്ടാക്കുന്നത് പതിവാണ്.

ജനുവരി 23ന് പുലർച്ചെ ഗസ്റ്റ്ഹൗസിന് സമീപം ബൈക്ക് നിയന്ത്റണം തെറ്റി അഞ്ചുതെങ്ങ് സ്വദേശിയായ പ്രിൻസ് മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്റണം തെറ്റി മറിഞ്ഞ് പരിക്കേറ്രിരുന്നു. ഇവരിപ്പോഴും ചികിത്സയിലാണ്. ടൂറിസം മേഖലയായ ഈ പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന പൊതു അഭിപ്രായം അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ല.