murder

തിരുവനന്തപുരം : കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അവസാന പ്രതിയും പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കുള്ള നീറമൺകര സ്വദേശി സുമേഷിനെയാണ് (22) ഇന്നലെ അതിരാവിലെ നീറമൺകരയിലെ സ്വകാര്യ ലാബിന് പിന്നിലെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. വീടിന് സമീപം മഫ്തിയുലുണ്ടായിരുന്ന പൊലീസ് നൽകിയ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. സംഭവം നടന്ന് പന്ത്രണ്ടാം ദിവസമാണ് ഇയാൾ പിടിയിലായത്.

ഒളിവിലായിരുന്ന സുമേഷ് കൈയിലുണ്ടായിരുന്ന കാശ് തീർന്നതിനെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് വീട്ടിലെത്തിയത്. വീട്ടുകാരിൽ നിന്ന് പണവും വാങ്ങി വസ്ത്രങ്ങളുമെടുത്ത് മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു അറസ്റ്റ്. പത്താം പ്രതിയാണ് സുമേഷ്. ഇതോടെ കേസിലെ 14 പേരും പിടിയിലായി. ചോദ്യംചെയ്യലിൽ നേരത്തെ പിടിയിലായവരുടെ മൊഴിക്ക് സമാനമായ കാര്യങ്ങളാണ് സുമേഷ് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

ഒളിവിലായിരുന്ന സുമേഷ് ആദ്യം എറണാകുളത്തെ പാഴ്‌സൽ കമ്പനിയിൽ ജോലിയുള്ള ആലുപ്പുഴക്കാരൻ സുഹൃത്തിനൊപ്പമായിരുന്നു. അവിടെ നിന്ന് മുംബയ്, ഗോവ എന്നിവിടങ്ങളിലേക്കു കടന്നു. ഒരു സ്ഥലത്തും രണ്ട് ദിവസത്തിൽ കൂടുതൽ താമസിച്ചില്ല. ട്രെയിനുകളിൽ മാറി മാറി സഞ്ചരിച്ചു. മൊബൈൽ സ്വിച്ച് ഒാഫ് ചെയ്‌തു. ഒരുതവണ ഫോൺ ഓണാക്കിയപ്പോൾ നമ്പർ ട്രാക്ക് ചെയ്‌ത അന്വേഷക സംഘം ഇയാൾ മുംബയിലാണെന്ന് മനസിലാക്കി. തുടർന്ന് അന്വേഷണ സംഘത്തിലെ ചിലർ മുംബയിലേക്ക് തിരിച്ചെങ്കിലും വിവരം ലഭിച്ചില്ല. സുമേഷിന്റെയും ഇയാൾ ബന്ധപ്പെടാനിടയുള്ള വ്യക്തികളുടെയും വീടും പൊലീസ് നിരീക്ഷണത്തിലായിരുന്നു.


അഞ്ച് പേരെ ഇന്ന്

കസ്റ്റഡിയിൽ വാങ്ങും

റിമാൻഡിലുള്ള13 പ്രതികളിൽ അഞ്ച് പേരെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ഇവരെ കൃത്യം നടത്തിയ സ്ഥലത്തുൾപ്പെടെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും. കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങളുൾപ്പെടെ കണ്ടെത്തണം. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ പ്രതികളും അനന്തുവിന്റെ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലയിലേക്ക് നയിച്ചത്.