brazil-football
brazil football

പോർട്ടോ : മുൻ ലോക ചാമ്പ്യൻമാരായ ബ്രസീലിനെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ സമനിലയിൽ തളച്ച് മദ്ധ്യഅമേരിക്കൻ രാജ്യം പനാമ. ഇന്നലെ പോർച്ചുഗലിലെ ഡ്രാഗോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1-1 നാണ് പനാമ സമനില നേടിയെടുത്തത്.

ഫ്രഞ്ച് ക്ളബ് പാരീസ് സെന്റ്ജെർ മെയ്‌ന് വേണ്ടി കളിക്കുന്നതിനിടെ സംഭവിച്ച പരിക്കിൽ നിന്ന് മോചിതനാകാത്ത സ്ഥിരം നായകൻ നെയ്‌മർ ഗാലറിയിലിരുന്ന് കണ്ട മത്സരത്തിൽ ബ്രസീലാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ അതിന് നാല് മിനിട്ടായിരുന്നു ആയുസെന്ന് മാത്രം. ആദ്യ പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. 32-ാം മിനിട്ടിൽ എ.സി മിലാനുവേണ്ടി കളിക്കുന്ന ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിനുവേണ്ടി സ്കോർ ചെയ്തത്. 36-ാം മിനിട്ടിൽ പനാമ ക്യാപ്ടൻ അഡോൾഫോ മച്ചാഡോ തിരിച്ചടിച്ച് കളി സമനിലയിലാക്കി.

കാസി മൊറോയിൽ നിന്ന് ലഭിച്ച നീണ്ട പാസ് മികച്ചൊരു വോളി ഷോട്ടിലൂടെ വലയിലേക്ക് പായിച്ചാണ് മിഡ് ഫീൽഡറായ പക്വേറ്റ സ്കോറിംഗ് തുടങ്ങിയത്. ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു മച്ചാഡോയുടെ സമനില ഗോൾ. എറിക്ക് ഡേവിഡ് എടുത്ത ഫ്രീകിക്ക് പെനാൽറ്റി ബോക്സിനുള്ളിൽ നിന്നാണ് മച്ചാഡോ വലയിലേക്ക് തട്ടിയിട്ടത്. ബ്രസീൽ ഒാഫ് സൈഡാണെന്ന് വാദിച്ചെങ്കിലും റഫറി ഗോൾ വിധിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടാൻ ബ്രസീലിന് അവരമൊരുക്കിയെങ്കിലും പോസ്റ്ററും ബാറും തടസങ്ങളായി. ഇടവേളയ്ക്ക് ശേഷമുള്ള അഞ്ചാം മിനിട്ടിൽ റിച്ചാർലി സണിന്റെ ഷോട്ട് ക്രോസ് ബാറിൽത്തട്ടിത്തെറിക്കുകയായിരുന്നു. തൊട്ടു പിന്നാലെ കാസി മൊറോയുടെ ഹെഡറും ശക്തമായൊരു ഷോട്ടും നിർഭാഗ്യത്തിന് ഗോളുകളായില്ല. കളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കേ എഡർ മിലിറ്റാവോയുടെ ഹെഡറും പുറത്തേക്ക് പോയി.

3

ഫിഫ റാങ്കിംഗിൽ ബ്രസീലിന്റെ സ്ഥാനം

76

ഫിഫാ റാങ്കിംഗിൽ പനാമയുടെ സ്ഥാനം

ബ്രസീൽ നെക്‌സ്റ്റ്

ചൊവ്വാഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീൽ ചെക്ക് റിപ്പബ്ളിക്കിനെ നേരിടും. ജൂണിൽ തുടങ്ങുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് മുന്നോടിയായുള്ള ബ്രസീലിന്റെ അവസാന അന്താരാഷ്ട്ര സൗഹൃദയ മത്സരമാണിത്.

''ഞങ്ങളുടെ കളി അത്ര മെച്ചമായിരുന്നില്ല; ഒട്ടും മോശവും. കോപ്പ അമേരിക്കയിലെത്തുമ്പോൾ അതൊക്കെ ശരിയായിക്കോളം.

- ടിറ്റെ, ബ്രസീൽ കോച്ച്

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു അന്താരാഷ്ട്ര മത്സരത്തിൽ മെക്സിക്കോ 3-1 ന് ചിലിയെ കീഴടക്കി. മെക്സിക്കോയ്ക്കുവേണ്ടി റൗൾ ജിമിനെസ് (52-ാം മിനിട്ട്) ഹെക്ടർ മൊറേനോ (64), ഹർവിംഗ് ലൊസാനോ (65) എന്നിവർ സ്കോർ ചെയ്തു. 69-ാം മിനിട്ടിൽ നിക്കോളാസ് കാസ്റ്റിലോയാണ് ചിലിക്ക് വേണ്ടി ഗോളടിച്ചത്.