തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസമായിരുന്നു. പര്യടനത്തിന്റെ എല്ലാ ശക്തിയുമെടുത്ത് പ്രവർത്തകരുടെ അകമ്പടിയോടെയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളും നിറഞ്ഞുനടന്നത്. പ്രചാരണത്തിനിടയിൽ ഇലക്ഷൻ ഒാഫീസിൽ സംവിധായകൻ പ്രിയദർശനും സിനിമാതാരങ്ങളും എത്തിയതറിഞ്ഞ് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് ഇടയ്ക്ക് പ്രചാരണം നിറുത്തി ഒാഫീസിലേക്ക് പായേണ്ടിവന്നത് കൗതുകമായി.
വിപ്ളവ സേനാനിയെക്കാണാൻ
പ്രായത്തിന്റെ അവശതകൾക്കിടയിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. ദിവാകരന് അഭിവാദ്യവും പിന്തുണയും അർപ്പിച്ച് പുന്നപ്ര വയലാർ സമരസേനാനി വി.കെ. ഭാസ്‌കരൻ. പൂജപ്പുരയിലെ മകളുടെ വീട്ടിലെത്തിയാണ് വി.കെ. ഭാസ്‌കരനെ സി. ദിവാകരൻ കണ്ടത്. തിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് സജീവമായി ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിലും, തന്റെ രണ്ടു മാസത്തെ 'സ്വാതന്ത്ര്യസമരസേനാനി പെൻഷൻ തുക' തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി അദ്ദേഹം കൈമാറി. പുന്നപ്ര വയലാർ സമരത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ഭാസ്‌കരൻ തിരുവനന്തപുരത്തുൾപ്പെടെ തെക്കൻ മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘാടനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. ദീർഘകാലം അദ്ദേഹം ജയിൽവാസവും അനുഭവിച്ചു.
നേമം മണ്ഡലത്തിലെ സ്ഥാനാർഥിയുടെ പര്യടന പരിപാടി രാവിലെ തിരുമലയിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് പൂജപ്പുര, പാപ്പനംകോട്, എസ്റ്റേറ്റ്, നേമം കരമന, നെടുങ്കാട്, ആറ്റുകാൽ, കമലേശ്വരം, അമ്പലത്തറ, തിരുവല്ലം വെസ്റ്റ്, തിരുവല്ലം ഈസ്റ്റ് എന്നിവിടങ്ങളിലെത്തി സ്ഥാനാർഥി വോട്ടർമാരെ നേരിൽകണ്ടു.
ഞായറാഴ്ച പള്ളികളിലെത്തി ശശി തരൂർ
ഞായറാഴ്ച തീരദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പര്യടനം. വെട്ടുകാട് പള്ളിയിൽ വൻവരവേൽപ്പാണ് വിശ്വാസികൾ നൽകിയത്. കഴിഞ്ഞ തവണ തരൂരിനെ വിജയത്തിലേക്ക് എത്തിച്ചതും തീരദേശ മണ്ഡലത്തിലെ വോട്ടർമാരാണ്. തുടർന്ന് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസ് ഉദ്ഘാടനത്തിനും പിന്നീട് ഡിജിറ്റൽ മീഡിയ പ്രവർത്തകരുടെ ശില്പശാലയിലും അദ്ദേഹം പങ്കെടുത്തു.
പ്രവർത്തകരെ ആവേശഭരിതരാക്കി കുമ്മനം
കരമന, ബാലരാമപുരം,കോവളം പ്രദേശങ്ങളിൽ പര്യടനത്തിനിറങ്ങിയ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് ആവേശകരമായ വരവേല്പാണ് ലഭിച്ചത്. ആറ്റുകാൽ ക്ഷേത്രം സന്ദർശിച്ചാണ് അദ്ദേഹം പര്യടനം തുടങ്ങിയത്. സ്ത്രീകളടക്കമുള്ള ഭക്തർ സ്ഥാനാർത്ഥിയെ കാണാൻ ക്ഷേത്രമുറ്റത്ത് കാത്തുനിന്നു. ബി.എം.എസ് സംഘടിപ്പിച്ച ഗാർഹിക തൊഴിലാളികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ബി.എം.എസ് നേതാക്കളായ സി. ജ്യോതിഷ്‌കുമാർ, കെ. ജയകുമാർ, ബി. കുഞ്ഞുമോൻ, കെ. വിജയകുമാർ, വി. രാജേഷ്, എം. സനൽകുമാർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ചേംബർ
ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സംഘടിപ്പിച്ച മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി, വട്ടിയൂർക്കാവ് മണ്ഡലം മഹിളാ പ്രവർത്തക യോഗം, ബാലരാമപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ റോഡ് ഷോ എന്നീ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, സെക്രട്ടറി ആർ. ശ്രീധർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി എന്നിവരും പങ്കെടുത്തു.
എസ്.യു.സി.ഐ സ്ഥാനാർത്ഥി എസ്.മിനി
എസ്.യു.സി.ഐ സ്ഥാനാർത്ഥി എസ്.മിനിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്നലെ പ്രസ് ക്ലബ് ഹാളിൽ ചേർന്നു. എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റിയംഗം ജ്യോതികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.കുമാർ, വിളപ്പിൽശാല സമര നായകൻ എസ്.ബുർഹാൻ, എൽ. ഹരിറാം, ജി.ആർ. സുഭാഷ്, എം.ഷാജർഖാൻ എന്നിവർ പ്രസംഗിച്ചു. ആർ.ബിജു സ്വാഗതവും എ.സബൂറ നന്ദിയും പറഞ്ഞു.