വലൻസിയ : മുൻ ചാമ്പ്യൻമാരായ സ്പെയ്‌നിന് യൂറോ കപ്പ് 2020 യോഗ്യതാ റൗണ്ടിൽ വിജയത്തുടക്കം. ഇന്നലെ നോർവേയെ 2-1 നാണ് സ്പെയ്‌ൻ കീഴടക്കിയത്. മറ്റൊരു മുൻ ചാമ്പ്യൻമാരായ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫിൻലൻഡിനെ കീഴടക്കി. സ്വീഡൻ, ഗ്രീസ്, അയർലൻഡ് തുടങ്ങിയ ടീമുകളും വിജയങ്ങൾ കരസ്ഥമാക്കി.
ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ നായകൻ സെർജിയോ റാമോസിന്റെ പെനാൽറ്റിയാണ് സ്പെയ്‌നിന്റെ വിജയത്തിൽ നിർണായകമായത്. നോർവേയെക്കാളും മികച്ചു നിന്ന സ്പെയ്‌ൻ 16-ാം മിനിട്ടിൽ റോഡ്രിഗോയിലൂടെ ലീഡ് നേടിയിരുന്നു. ആദ്യ പകുതിയിൽ ലീഡ് നിലനിറുത്തുകയും ചെയ്തു. എന്നാൽ 65-ാം മിനിട്ടിൽ ജോഷ്വാ കിംഗ് പെനാൽറ്റിയിലൂടെ കളി സമനിലയിലാക്കിയപ്പോൾ 71-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി സ്പെയ്‌ൻ വിജയം നേടിയെടുക്കുകയായിരുന്നു.
ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ ഫിൻലൻഡിനെതിരെ ഇരു പകുതികളിലും ഓരോ ഗോൾ വീതമാണ് ഇറ്റലി നേടിയത്. ഏഴാം മിനിട്ടിൽ നിക്കോളോ ബാറെല്ലെയും 74-ാം മിനിട്ടിൽ മോയ്സെ കീനുമാണ് സ്കോർ ചെയ്തത്.
ഗ്രീസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലിച്ചൻ സ്റ്റീനിനെയാണ് കീഴടക്കിയത്. 45-ാം മിനിട്ടിൽ ഫോർട്ടൗനിസും 80-ാം മിനിട്ടിൽ ഡോണിസുമാണ് സ്കോർ ചെയ്തത്. കഴിഞ്ഞ ലോകകപ്പിൽ കളിച്ച സ്വീഡൻ 2-1 ന് റൊമാനിയയെ കീഴടക്കുകയായിരുന്നു. 33-ാം മിനിട്ടിൽ റോബിൻ ക്വായിസണും 40-ാം മിനിട്ടിൽ വിക്ടർ ക്ളേയ്സണും സ്വീഡനായി സ്കോർ ചെയ്തു. 58-ാം മിനിട്ടിൽ ക്ളായ്ഡിയുവാണ് റൊമാനിയയ്ക്ക് വേണ്ടി ഗോൾ നേടിയത്.
മത്സര ഫലങ്ങൾ
സ്പെയ്ൻ 2 - നോർവ 1
ഇറ്റലി 2 - ഫിൻലൻഡ് 0
സ്വീഡൻ 2 - റൊമാനിയ 1
അയർലൻഡ് 1- ജിബ്രാൾട്ടർ 0
ഗ്രീസ് 2 - ലിച്ചെൻസ്റ്റീൻ 0
ബോസ്‌നിയ 2 - ആർമേനിയ 1