# ഡേവിഡ് വാർണർക്ക് തിരിച്ചുവരവിൽ അർദ്ധ സെഞ്ച്വറി
# കൊൽക്കത്തയുടെ വിജയ ശില്പികൾ നീതിഷ് റാണയും (68), ആന്ദ്രേ റസലും (49 നോട്ടൗട്ട്)
കൊൽക്കത്ത : പന്തുരയ്ക്കൽ വിവാദത്തിൽപ്പെട്ട് 10 മാസത്തോളം വിലക്കിലായിരുന്ന ഡേവിഡ് വാർണർ അർദ്ധ സെഞ്ച്വറിയുമായി കളിക്കളത്തിലേക്ക് തിരിച്ചുവന്നിട്ടും പുതിയ സീസൺ ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ വിജയിക്കാനാകാതെ സൺ റൈസേഴ്സ് ഹൈദരാബാദ്.
ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ സൺ റൈസേഴ്സ് ഉയർത്തിയ 181/3 എന്ന സ്കോർ രണ്ട് പന്തുകൾ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു നൈറ്റ് റൈഡേഴ്സ്.
ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺ റൈസേഴ്സിനെ ആദ്യ ബാറ്റിംഗിനിറക്കുകയായിരുന്നു. ഓപ്പണായിറങ്ങിയ ഡേവിഡ് വാർണർ (85), ജോണി ബെയർസ്റ്റോ (39), വിജയ് ശങ്കർ (40) എന്നിവരുടെ മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പിനെ 181/3 ലെത്തിച്ചത്. വാർണറും ബെയർ സ്റ്റോയും ചേർന്ന് ഓപ്പണിംഗിൽ 12.5 ഓവറിൽ കൂട്ടിച്ചേർത്ത് 118 റൺസാണ്. 35 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 39 റൺസ് നേടിയ ബെയർ സ്റ്റോയെ പിയൂഷ് ചൗള ബൗൾഡാക്കിയ ശേഷമെത്തിയ വിജയ് ശങ്കർ 24 പന്തുകളിൽ രണ്ട് വീതം ഫോറും സിക്സുമടക്കമാണ് 40 റൺസെടുത്തത്.
സെഞ്ച്വറിയിലേക്ക് കുത്തിക്കുമെന്ന് തോന്നിപ്പിച്ച വാർണർ 16-ാം ഓവറിൽ റസലിന്റെ പന്തിൽ ഉത്തപ്പയ്ക്ക് ക്യാച്ച് നൽകി മടങ്ങിയതാണ് സൺ റൈസേഴ്സിനെ 200 കടക്കാൻ അനുവദിക്കാതിരുന്നത്. 53 പന്തുകൾ നേരിട്ട വാർണർ ഒൻപത് ഫോറും മൂന്ന് സിക്സുമടിച്ചു. വാർണർക്ക് പിന്നാലെ യൂസഫ് പഠാനും (1) കൂടാരം കയറി. റസലിനായിരുന്നു വിക്കറ്റ്. അവസാന ഓവറുകളിൽ വിജയ് ശങ്കറാണ് സ്കോർ ഉയർത്തിയത്.
മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കം ഭദ്രമായിരുന്നില്ല. ക്രിസ് ലിൻ (7) രണ്ടാം ഓവറിൽ കൂടാരത്തിലേക്ക് മടങ്ങിയെത്തി. തുടർന്ന് നിതീഷ് റാണയും (68), റോബിൻ ഉത്തപ്പയും ചേർന്ന് 58 പന്തുകളിൽ 80 റൺസ് കൂട്ടിച്ചേർത്ത് പതിയെ ആത്മവിശ്വാസം നിറച്ചു. 27 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 35 റൺസെടുത്ത ഉത്തപ്പ 12-ാം ഓവറിലും രണ്ട് റൺസ് മാത്രമെടുത്ത നായകൻ ദിനേഷ് കാർത്തിക് 13-ാം ഓവറിലും നിതീഷ് 16-ാം ഓവറിലും മടങ്ങിയതോടെ 118/4 എന്ന നിലയിൽ പരാജയം കൊൽക്കത്തയെ തുറിച്ചുനോക്കി. 47 പന്തുകൾ നേരിട്ട റാണ എട്ടു ഫോറും മൂന്ന് സിക്സും പായിച്ചിരുന്നു.
എന്നാൽ കരീബിയൻ താരം ആന്ദ്രേ റസലും (49) ഇന്ത്യൻ യുവതാരം ശുഭ്‌മാൻ ഗില്ലും (18) നടത്തിയ അവസാന വെടിക്കെട്ട് കളിയുടെ വിധി മാറ്റിയെഴുതി.
അവസാന മൂന്നോവറിൽ കൊൽക്കത്തയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 53 റൺസായിരുന്നു. 18-ാം ഓവറിൽ റസൽ രണ്ട് സിക്സും ഒരു ഫോറും പറത്തി. 19 റൺസ് നേടി. 19-ാം ഓവറിൽ ഭുവനേശ്വറിനെതിരെ റസൽ രണ്ട് വീതം ഫോറും സിക്സുമടക്കം നേടിയത് 21 റൺസ്.
അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന 13 റൺസ് ശുഭ്‌മാൻ ഗിൽ രണ്ടാം സിക്സ് പറത്തി നേടിയെടുത്തു.
സ്കോർ കാർഡ്
സൺറൈസേഴ്സ് 181/3
വാർണർ 85, ബെയർസ്റ്റോ 35, വിജയ് ശങ്കർ 40 നോട്ടൗട്ട്.
റസൽ 2/32
നൈറ്റ് റൈഡേഴ്സ് 182/4
നിതീഷ് റാണ (68), ഉത്തപ്പ 35, റസൽ 49 നോട്ടൗട്ട്, ഗിൽ 18 നോട്ടൗട്ട്, മാൻ ഒഫ് ദ മാച്ച് ആന്ദ്രേ റസൽ.
ഇന്നത്തെ മത്സരം
രാജസ്ഥാൻ റോയൽസ്
Vs
പഞ്ചാസ് കിംഗ്സ് ഇലവൻ
(രാത്രി 8 മുതൽ)