തിരുവനന്തപുരം: ഹൃദയവാൽവിലെ ഗുരുതര തകരാറിനെ തുടർന്ന് ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചത് ശസ്‌ത്രക്രിയ വൈകിയതിനെ തുടർന്നാണെന്ന് ആരോപണം. വെള്ളറട കുരിശുമല കറണ്ടകത്തിൽ പാറവീട്ടിൽ പത്രോസ് (34) ആണ് മരിച്ചത്. അധികൃതരുടെ അനാസ്ഥ കാരണമാണ് രോഗി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കടുത്ത നെഞ്ചുവേദനയെ തുടർന്ന് പത്രോസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്‌കാനിംഗിൽ ഹൃദയവാൽവിന് ഗുരുതര തകരാറുണ്ടെന്ന് കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ രോഗിയുടെ ജീവൻ അപകടത്തിലാകുമെന്നും അതിനാൽ ശ്രീചിത്രയിലേക്ക് മാറ്റാനും ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് ചൊവ്വാഴ്ച പത്രോസിനെ ശ്രീചിത്രയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒരു ദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അന്വേഷിച്ചപ്പോൾ രണ്ടരലക്ഷം രൂപ ഉടൻ അടച്ചാലേ ശസ്ത്രക്രിയ നടത്തനാകൂവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്ന് ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം 70,000 രൂപ ആശുപത്രിയിൽ അടച്ചു. ബാക്കി തുക കാരുണ്യ പദ്ധതി വഴി വെള്ളിയാഴ്ചയും അടച്ചു. എന്നാൽ, ശനിയും ഞായറും ശസ്ത്രക്രിയ നടത്താൻ അധികൃതർ തയ്യാറായില്ലെന്നും ഇന്ന് ഓപ്പറേഷൻ നടത്താമെന്ന് അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ശസ്ത്രക്രിയയ്ക്കായി പത്രോസിനോട് കുളിച്ചിട്ട് വരാൻ ഡോക്ടർമാർ ഇന്നലെ നിർദ്ദേശിച്ചതിനെ തുടർന്ന് രാത്രി 9.30ഓടെ കുളിമുറിയിലേക്ക് പോകവെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഡോക്ടർമാർ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവാർത്ത തങ്ങളെ വൈകിയാണ് അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അധികൃതരുടെ അനാസ്ഥയാണ് പത്രോസിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.