തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തുമെന്ന വിവരം അനവസരത്തിൽ മാദ്ധ്യമങ്ങൾക്ക് നൽകിയെന്ന ആരോപണം ഉന്നയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്കെതിരെയുള്ള അതൃപ്തി കോൺഗ്രസിൽ പുകയുന്നു. ഇക്കാര്യം പരസ്യമായി പറയാൻ നേതാക്കൾ പലരും തയാറാകുന്നില്ലെങ്കിലും പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് തുടരുകയാണ്.
തമിഴ്നാട്ടിലും കർണാടകത്തിലും രാഹുൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇരു പി.സി.സികളും രാഹുൽ മത്സരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിലെ കാര്യത്തിൽ ഉമ്മൻചാണ്ടിയാകട്ടെ ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് മാദ്ധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധിയുടെ വരവിനെ സംബന്ധിച്ച് അറിയിച്ചു. ഇതോടെ കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഉമ്മൻചാണ്ടി പറഞ്ഞത് ആവർത്തിക്കേണ്ടിവന്നു. അതോടെ അത് വലിയ ചർച്ചയായി. അതിനിടെ രാഹുൽ വയനാട്ടിൽ മത്സരിക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന വിവരവും പുറത്തുവന്നു. അതോടെ കോൺഗ്രസ് ക്യാമ്പ് ആശയക്കുഴപ്പത്തിലുമായി. രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിനുശേഷം ഇക്കാര്യം പുറത്തുപറഞ്ഞാൽ മതിയായിരുന്നു എന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. ശനിയാഴ്ചയാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറഞ്ഞതെങ്കിലും ഇന്ന് രാവിലെവരെ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ഇത് എതിരാളികൾക്ക് അടിയ്ക്കാൻ വടി കൊടുത്തതുപോലെയായെന്നും ചില നേതാക്കൾ പറയുന്നു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നാണ് കോൺഗ്രസുകാരുടെ നിലപാട്. ബി.ജെ.പിയും ഈയവസരം മുതലാക്കി. രാഹുൽ പേടിച്ചോടുകയാണെന്ന് പ്രഖ്യാപിച്ചു. ഇടതുപക്ഷമാകട്ടെ ബി.ജെ.പിയെ എതിർക്കുന്നതിന് പകരം തങ്ങളെ മുഖ്യ എതിരാളികളാക്കുന്നത് ആരെ സഹായിക്കാനാണെന്ന് ചോദിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യം ആറുമാസം മുമ്പേ ആലോചിച്ചതാണെന്ന് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പത്ത് സീറ്രുകളാണ് രാഹുലിന് വേണ്ടി ആലോചിച്ചത്. എല്ലാവശങ്ങളും പരിഗണിച്ചശേഷം ഇതിൽ നിന്ന് ഒരു മണ്ഡലം തിരഞ്ഞെടുക്കാനായിരുന്നു നീക്കം. വയനാട് തന്നെയാണ് ഒടുവിൽ ആലോചിച്ചതും.
എന്നാൽ ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം പാർട്ടിയെ പ്രതിരോധത്തിലാഴ്ത്തിയെന്നാണ് വിലയിരുത്തൽ. നേരത്തെ ടി. സിദ്ദിഖിനെ വയനാട്ടിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച രീതിയോടും കേരളത്തിലെ ചില പ്രമുഖ നേതാക്കൾക്ക് വിയോജിപ്പുണ്ട്. വയനാട് ഉൾപ്പെടയുള്ള സീറ്രുകൾ ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥി പട്ടികയിൽ നിന്നൊഴിവാക്കിയതും രാഹുലിന് വഴിയൊരുക്കാനാണ്. ഇത് മനസ്സിലാകാതെയിരിക്കാനാണ് മറ്ര് ചില സീറ്റുകളും ആദ്യ ഘട്ടത്തിൽ ഒഴിച്ചിട്ടത്.
അതേസമയം രാഹുൽ വയനാട് മത്സരിക്കുകയാണെങ്കിൽ വിജയിച്ചാൽ തിരഞ്ഞെടുപ്പിന് ശേഷം അമേതി ഒഴിവാക്കുമെന്ന് പറയപ്പെടുന്നു. വയനാട് നിലനിറുത്തും. അങ്ങനെ വന്നാൽ പ്രിയങ്ക ആയിരിക്കും അമേതിയിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുക. രാഹുൽ മത്സരിക്കുന്നത് കൊണ്ട് തങ്ങൾക്കൊരു പ്രശ്നവുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.സ്ഥാനാർത്ഥിയെ മാറ്രില്ല. എന്നാൽ പ്രചാരണം കനപ്പിക്കും. രാഹുൽ വന്നാൽ ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ മാറ്രി കരുത്തനായ സ്ഥാനാർത്ഥിയെ വയനാട് മണ്ഡലത്തിൽ നിറുത്താൻ എൻ.ഡി.എയും ആലോചിക്കുന്നുണ്ട്.