തിരുവനന്തപുരം: പട്ടാപ്പകൽ ലഹരിസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തോടെ നഗരത്തിലെ ലഹരിമാഫിയകളുടെയും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുടെയും തായ് വേരറുക്കാൻ സിറ്റി പൊലീസ് പ്രഖ്യാപിച്ച ഓപ്പറേഷൻ ബോൾട്ട് ഫലം കാണാതോ പോകുന്നോ..? ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യാൻ സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്‌കുമാർ ഗരുദിൻ നേരിട്ടിറങ്ങിയിട്ടും അക്രമികളും ലഹരി മാഫിയയും പത്തിതാഴ്ത്താത്തത് നഗരത്തിലെ സ്വൈര ജീവിതത്തിന് വീണ്ടും വെല്ലുവിളിയായി. ലോക് സഭാ തിരഞ്ഞെടുപ്പിനായി അന്യജില്ലകളിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ചെത്തിയ ഓഫീസർമാർക്കാണ് നഗരത്തിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല. ഇവരിൽ പലർക്കും നഗരത്തിലെ ഗുണ്ടാത്തലവൻമാരെയോ അവരുടെ താവളങ്ങളെയോ പറ്റി വ്യക്തമായ ധാരണയില്ല. ഇതുകാരണം ഇവരുടെ താവളങ്ങൾ നിരീക്ഷിക്കാനോ അവിടങ്ങളിൽ കടന്നുചെന്ന് നിരീക്ഷണം നടത്താനോ കഴിയുന്നില്ല. മുഴുവൻ സമയ വാഹന പരിശോധന, പട്രോളിംഗ്, പെറ്രി പിടിത്തം ഇതൊക്കെയാണ് കമ്മിഷണറുടെ കണ്ണിൽ മണ്ണിടാൻ ഇവർ കണ്ടെത്തിയിട്ടുള്ള മാർഗം.
നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഗുണ്ടകളെയും ക്രിമിനലുകളെയും വിളിച്ചുവരുത്തി താക്കീത് ചെയ്തും കരുതൽ അറസ്റ്റ് നടത്തിയും വിട്ടയയ്ക്കുന്നുണ്ടെങ്കിലും അതിനുശേഷം ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പൊലീസ് കൂട്ടാക്കുന്നില്ലെന്നാണ് ആക്ഷേപം. ബാർട്ടൺ ഹില്ലിൽ ഗുണ്ടുകാട് അനിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനെയും രണ്ട് ദിവസം മുമ്പ് മ്യൂസിയം പൊലീസ് കരുതൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചയാളാണ്.
നഗരത്തിലെ ഓരോ സ്ഥലങ്ങളും കേന്ദ്രീകരിച്ച് തഴച്ചുവളർന്നിട്ടുള്ള ഗുണ്ടകൾക്കെല്ലാം അവരുടെതായ താവളങ്ങളുണ്ട്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ തീർത്തും ഒറ്റപ്പെട്ട് പ്രവർത്തിക്കുന്ന താവളങ്ങളിലോ പരിസരത്തോ അപരിചിതരായ ആർക്കും കടന്നുചെല്ലാൻ കഴിയില്ല. ഇത്തരം കേന്ദ്രങ്ങൾ പൊലീസിനും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും തികച്ചും അജ്ഞാതമാണ്. കരമനയിൽ അനന്തു എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നിറമൺകര ദേശീയപാതയോരത്തെയും കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ താഴ്ത്തിയ ചെന്തിലക്കരിയിലെ കണ്ടൽകാടുപോലെയും നഗരത്തിലും നഗരപ്രാന്തത്തിലുമായി നൂറ് കണക്കിന് താവളങ്ങളാണുള്ളത്.
മദ്യപിക്കാനും ലഹരി ആസ്വദിക്കാനും ക്രിമിനൽ പ്രവൃത്തികൾക്കുമുള്ള ഇവരുടെ സുരക്ഷിത സ്ഥാനങ്ങളിൽ പൊലീസ് കടന്നുചെന്നാൽ മാത്രമേ മാളങ്ങളിൽ നിന്ന് ഇവരെ പുറത്ത് ചാടിക്കാനും ഇവരുടെ ഒാപ്പറേഷനുകൾക്ക് വിരാമമിടാനും കഴിയൂ. പൊലീസിന്റെ ബോൾട്ട് ഓപ്പറേഷൻ തുടരുന്നതിനിടെയായിരുന്നു 13 കോടിയുടെ ഹാഷിഷ് ഓയിലുമായി അഞ്ചംഗ സംഘത്തെ വലയിലാക്കി എക്സൈസിന്റെ വമ്പൻ ഓപ്പറേഷൻ. ക്രിമിനലുകളെയും ലഹരി മാഫിയയെയും അമർച്ച ചെയ്യുന്നതിൽ തുടർച്ചയായുണ്ടാകുന്ന വീഴ്ച സിറ്റി പൊലീസിന് പേരുദോഷത്തിനിടയാക്കിയിട്ടുണ്ട്. മേലുദ്യോഗസ്ഥരിൽ നിന്നുള്ള ശാസനയും സമ്മർദ്ദവും ശക്തമായതോടെ നഗരത്തിലെ 265 ഓളം ക്രിമിനലുകളുടെ പട്ടികയിൽ നിന്ന് കുഴപ്പക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാനാണ് പൊലീസിന്റെ അടുത്ത നീക്കം.