തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗര മദ്ധ്യത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഒളിവിൽ. സംഭവത്തിൽ മൂന്നു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. തലസ്ഥാന നഗരത്തെ ഞെട്ടിച്ച് ഞായറാഴ്ച പാതിരാത്രിയിലാണ് ബാർട്ടൺ ഹിൽ സ്വദേശി എസ്.പി അനിൽകുമാറാണ് വെട്ടേറ്റ് മരിച്ചത്. ബാർട്ടൺ ഹില്ലിൽ താമസിക്കുന്ന ജീവനാണ് ഇയാളെ വെട്ടിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ജീവനു വേണ്ടി മ്യൂസിയം പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ജീവന്റെ സഹോദരൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരെയാണ് അന്വേഷക സംഘം ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൃത്യത്തിൽ ഇവർ നേരിട്ട് പങ്കാളികളല്ലെന്നാണ് വിവരം. സംഭവ ശേഷം ഒളിവിൽ പോയ ജീവനു വേണ്ടി മ്യൂസിയം സി.എെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെരച്ചിൽ ഊർജ്ജിതമാക്കി.
ഞായറാഴ്ച രാത്രി പതിനൊന്നിനായിരുന്നു നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ബാർട്ടൺ ഹില്ലിൽ നിന്ന് ലോ കോളേജിലേക്ക് പോകുന്ന റോഡിൽ നിർത്തിയിട്ട ബൈക്കിൽ ഇരിക്കുകയായിരുന്ന അനിൽകുമാറിനെ ജീവൻ ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് വെട്ടിയത്. നാല് വെട്ടുകളേറ്റു. മറ്റു ശരീര ഭാഗങ്ങളിൽ എവിടെയും പരിക്കില്ല. ലോ കോളേജ് റോഡിലെ പാർക്കിനടുത്ത് വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടന്ന അനിലിനെ സുഹൃത്തുക്കളാണ് ആദ്യം കണ്ടത്. ഉടൻ മ്യൂസിയം പൊലിസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി അനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു മാസം മുമ്പ് അനിൽകുമാർ ജീവന്റെ വീട് കയറി ആക്രമിച്ചതിന്റെ പ്രതികാരമാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കും എതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. നേരത്തെ ഗുണ്ടുകാട് സാബുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. പിന്നീട് ഇവർ തമ്മിൽ തെറ്റി. ഇതിനു ശേഷം ഇരുവരും കടുത്ത ശത്രുതയിലായിരുന്നു. ഗുണ്ടാ സംഘം വിട്ട് ചെന്നൈയിലും ബംഗളൂരുവിലും ജോലി ചെയ്യുകയായിരുന്ന അനിൽകുമാർ രണ്ടു വർഷം മുൻപാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. പിന്നീട് ഓട്ടോ ഓടിച്ചാണ് ജീവിച്ചത്. അതിനു ശേഷം ഗുണ്ടാ സംഘവുമായി കൂട്ടു കൂടിയിട്ടില്ലെന്നും സമാധാനമായി ജീവിച്ചു പോരികയാണെന്നും വീട്ടുകാർ പറയുന്നു. എന്നാൽ അനിൽകുമാറും ജീവനും തമ്മിൽ ആഴ്ചകൾക്കു മുൻപും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിൻറെ തുടർച്ചയാണ് കൊലപാതകത്തിൽ കലാശിച്ചതുമെന്നുമാണ് പൊലിസിൻറെ നിഗമനം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനും പൊലിസ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സീമയാണ് ഭാര്യ.
തിരുവനന്തപുരം നഗര പരിധിയിൽ രണ്ടാഴ്ചയ്ക്കിടെ ഗുണ്ടാ സംഘത്തിൻറെ അക്രമത്തിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. കരമനയിൽ നിന്ന് അനന്തുവെന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് മണിക്കുട്ടനെന്ന യുവാവിനെ കുത്തി കൊലപ്പെടുത്തിയതിൻറെയും ആഘാധം വിട്ടു മാറുമ്പോഴേക്കുമാണ് ബാർട്ടണ ഹിലിലെ കൊലപാതകം.