ramesh-chennithala-2

തിരുവനന്തപുരം: കേരളത്തിൽ ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും മാഫിയാ സംഘങ്ങളുടെയും അഴിഞ്ഞാട്ടം തടയുന്നതിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ഇന്നലെ ബാർട്ടൺഹില്ലിൽ നടന്ന കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡി.ജി.പിയുടെയും മൂക്കിന് താഴെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മൂന്ന് കൊലപാതകമാണ് നടന്നത്. ഇന്നലെ അനിൽ എന്ന യുവാവിനെ കൊന്ന കേസിലെ പ്രതിയായ ജീവനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതാണ്. പൊലീസ് സ്റ്റേഷനിൽ നിന്നറങ്ങി വന്ന് കൊലപാതകം നടത്തുന്ന അവസ്ഥയിലേക്ക് കേരളത്തിലെ മാഫിയ സംഘങ്ങൾ വളർന്നിട്ടും ആഭ്യന്തര വകുപ്പും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും കണ്ണടച്ച് ഇരിക്കുകയാണ്.

നഗരമദ്ധ്യത്തിൽ കഞ്ചാവും ലഹരിമരുന്നുകളുമായി മാഫിയാ സംഘങ്ങൾ അഴിഞ്ഞാടുമ്പോഴും പൊലീസ് തിരിഞ്ഞുനോക്കുന്നില്ല. ഓച്ചിറയിൽ തട്ടിക്കൊണ്ട് പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഗുണ്ടാ- മാഫിയ സംഘങ്ങളെ നിയന്ത്രിക്കാൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഓപ്പറേഷൻ സുരക്ഷ പിണറായി സർക്കാർ വന്നയുടെനെ അട്ടിമറിച്ചു. ക്രിമനലുകൾക്ക് സി.പി.എം ലോക്കൽ, ജില്ലാ നേതൃത്വങ്ങളുടെ സംരക്ഷണവും ലഭിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.