seema

തിരുവനന്തപുരം: തകര ഷീറ്റ് കൊണ്ട് മറച്ച ഒറ്റമുറി. മേൽക്കൂരയുടെ പലഭാഗങ്ങളും ദ്രവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ബാർട്ടൺഹില്ലിൽ വെട്ടി കൊലപ്പെടുത്തിയ എസ്.പി.അനിൽകുമാർ എന്ന അനിയുടെ ആകെ സമ്പാദ്യമാണിത്. ഗുണ്ടുകാട് കോളനിയിലെ ആ ഒറ്റമുറി വീട്ടിൽ ഇനി ആകെയുള്ളത് അനിലിന്റെ ഭാര്യ സീമ മാത്രം. സംസാരവൈകല്യവും കേൾവിക്കുറവുമുള്ള സീമയ്ക്ക് ഒന്ന് നിലവിളിക്കാൻ പോലും സാധിക്കില്ല. കട്ടിലിന്റെ തലയ്ക്കൽ അനിൽ സീമയ്ക്ക് സമ്മാനിച്ച തത്ത മിണ്ടാതെ ഇരിപ്പുണ്ട്. അനിലിന്റെ അച്ഛനും അമ്മയും നേരത്തേ മരിച്ചു. സഹോദരിമാരായ മിനിയും സിനിയും സമീപത്താണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.

'അവൻ പോയതോടെ എല്ലാം അവസാനിച്ചില്ലേ. എന്തിനാണ് ഈ ക്രൂരത എന്റെ അനിയനോട് കാണിച്ചത് - അനിലിന്റെ സഹോദരി ഇത് പറയുമ്പോൾ സീമയുടെ കണ്ണുകളും നിറഞ്ഞൊഴുകി. സീമയെ അനി വിവാഹം ചെയ്തിട്ട് ഒന്നര വർഷമേ ആയുള്ളൂ. സംസാര്യവൈകല്യമുള്ളതിനാൽ സഹോദരിമാർ വിവാഹത്തെ എതിർത്തെങ്കിലും അനി അവളെത്തന്നെ ജീവിതസഖിയാക്കി.

ഗുണ്ടാസംഘത്തിനൊപ്പം പ്രവർത്തിച്ചിരുന്ന അനി പിന്നീട് അവരുമായി തെറ്റിയിരുന്നെന്ന് മിനി പറയുന്നു. പിന്നീട് 17 വർഷത്തോളം അനി ചെന്നൈയിലും ബംഗളൂരുവിലുമായി പലവിധ ജോലികൾ ചെയ്തു. രണ്ട് വർഷം മുമ്പ് നാട്ടിൽ മടങ്ങിയെത്തി വാടകയ്ക്ക് ആട്ടോറിക്ഷ ഓടിക്കാൻ തുടങ്ങി. ഈ സമയത്ത് ബി.ജെ.പി അനുഭാവിയുമായി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് വേണ്ടി പോസ്‌റ്റർ ഒട്ടിക്കുന്നതിനും അനി പോകുമായിരുന്നെന്ന് മിനി പറയുന്നു. സ്വന്തമായി ആട്ടോ വാങ്ങുന്നതിനും പദ്ധതിയുണ്ടായിരുന്നു. മുന്തിയ ഇനം നായ്ക്കളെ വിൽക്കുന്ന ബിസിനസും അനി ചെയ്തിരുന്നു.

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമല്ലെന്നും മുൻവൈരാഗ്യമാണെന്നും മിനി ഉറപ്പിച്ച് പറയുന്നു. ഗുണ്ടാ സംഘത്തിൽ നിന്ന് പിരിഞ്ഞതിന് ശേഷം അനിക്ക് ജീവന് ഭീഷണിയുണ്ടായിരുന്നു. സംഭവം നടന്ന ഞായറാഴ്ച രാത്രി 9.30 ഓടെയാണ് അനിൽ വീട്ടിലെത്തിയത്. അന്ന് ചെറുതായി മദ്യപിച്ചിരുന്നു. ആഹാരം കഴിച്ച ശേഷം ബൈക്കുമെടുത്ത് ലാ കോളേജ് ജംഗ്ഷനിലേക്ക് പോയ അനി പിന്നീട് മടങ്ങിവന്നില്ല. കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അനിയുടെ കുടുംബം പറയുന്നു.