editorial-

ദാനം കിട്ടുന്ന പശുവിന് വായിൽ പല്ലുണ്ടോ എന്നു നോക്കേണ്ടതില്ലെന്നാണ് പഴമൊഴി. എന്നാൽ പല്ലു മാത്രമല്ല ദിവസവും പതിനഞ്ചിനും ഇരുപത്തഞ്ചിനുമിടയ്ക്കു ലിറ്റർ പാൽ ചുരത്തുന്ന പശു ദാനമായി നൽകാൻ സൈനികാധികൃതർ തയ്യാറായിട്ടും ചുവപ്പുനാടയിൽ കുരുക്കി അവയെ കൈയൊഴിയാൻ കേരളത്തിനു മാത്രമേ കഴിയൂ. കൊഴുത്ത ശമ്പളത്തിലും അനേകം അലവൻസുകളിലും മാത്രം താത്‌പര്യമുള്ള ഉദ്യോഗസ്ഥ പ്രമാണിമാരെ നിലയ്ക്കു നിറുത്താൻ ത്രാണിയില്ലാത്ത മന്ത്രിമാർ കൂടിയാകുമ്പോൾ പശുക്കൾ മാത്രമല്ല നാടു തന്നെ നഷ്ടപ്പെട്ടാലും അതിശയിക്കാനില്ല. ഇക്കഴിഞ്ഞ ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിൽ സംസ്ഥാനത്തെ അനവധി കുടുംബങ്ങൾക്ക് തങ്ങൾ അരുമയോടെ പോറ്റിയിരുന്ന ആയിരക്കണക്കിനു പശുക്കളെയാണു നഷ്ടപ്പെട്ടത്. സർക്കാർ കണക്കു പ്രകാരം 5680 കറവപ്പശുക്കൾ പ്രളയജലത്തിൽ ഒലിച്ചുപോയിരുന്നു. ഇവയിലേറെയും പല കുടുംബങ്ങളുടെയും അന്നദാതാക്കൾ കൂടിയായിരുന്നു. എല്ലാം വിഴുങ്ങിയ പ്രളയം കഴിഞ്ഞതോടെ വരുമാനമൊന്നുമില്ലാതെ കഴിയുമ്പോഴാണ് സൈനിക ഫാമുകളിൽ നിന്ന് സൗജന്യമായി കറവപ്പശുക്കളെ ലഭിക്കാനുള്ള മാർഗം തെളിഞ്ഞുവന്നത്. രാജ്യമൊട്ടാകെയുള്ള 39 മിലിട്ടറി ഫാമുകളിലുണ്ടായിരുന്ന 23600 പശുക്കളെ ക്ഷീരകർഷകർക്കു 1000 രൂപ നിരക്കിൽ വിറ്റഴിക്കാനാണ് തീരുമാനിച്ചിരുന്നത്. സേനാകേന്ദ്രങ്ങളിൽ ഇനി ഡെയറി ഫാമുകൾ വേണ്ടതില്ലെന്ന തീരുമാനം വന്നതോടെയാണ് പശുക്കളെ കൈയൊഴിയാൻ നടപടിയായത്. വ്യക്തികൾക്കല്ല ക്ഷീരസംഘങ്ങൾക്കേ പശുക്കളെ നൽകൂ എന്നായിരുന്നു നിബന്ധന. സേനയുടെ പരസ്യത്തിൽ ആകൃഷ്ടരായി തൃശൂരിലെ സമഗ്ര ക്ഷീര കർഷകസംഘം ആയിരം പശുക്കളെ വാങ്ങി ക്ഷീരകർഷകർക്കു വിതരണം ചെയ്യാനുള്ള പദ്ധതി ആവിഷ്കരിച്ചു. ട്രക്ക് വാടക, യാത്രയ്ക്കിടെ വൈദ്യസഹായം, മരുന്ന്, തീറ്റ, തൊഴിലാളികളുടെ കൂലി തുടങ്ങി പശു ഒന്നിന് 20000 രൂപ ചെലവും കണക്കാക്കി. വകുപ്പുമന്ത്രിയുടെ അനുമതി ലഭിക്കാൻ തടസമൊന്നുമുണ്ടായില്ല. എന്നാൽ മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള ഉന്നതർ ബന്ധപ്പെട്ട ഫയലിൽ തീരുമാനം വൈകിച്ചതിനാൽ മിലിട്ടറി ഫാമുകളിലുണ്ടായിരുന്ന പശുക്കളെ ഇതര സംസ്ഥാനക്കാർ റാഞ്ചിക്കൊണ്ടുപോയി. മഹാരാഷ്ട്ര മാത്രം 3200 പശുക്കളെയാണ് സ്വന്തമാക്കിയത്. ഒന്നേകാൽ ലക്ഷത്തിലധികം രൂപ വിലയുള്ള പശുവിനെയാണ് വെറും ആയിരം രൂപ നൽകി അവർ കൊണ്ടുപോയത്. ഇവിടെ പല തട്ടുകളിൽ ഫയലുകൾ പിച്ചവച്ചു നടന്നതല്ലാതെ യഥാസമയം തീരുമാനമെടുക്കുകയോ ഔദ്യോഗിക കത്ത് സേനാ അധികൃതർക്ക് നൽകുകയോ ചെയ്തില്ല. ആഗസ്റ്റിലാണ് പശുക്കളെ വിൽക്കാനുണ്ടെന്നു കാണിച്ച് സേനയുടെ പരസ്യം വന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും ആവശ്യമായ എഴുത്തുകുത്തുകൾ പൂർത്തിയാക്കാൻ മൃഗസംരക്ഷണ വകുപ്പിനു സാധിക്കാതെ പോയതാണ് സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ചതിയായത്. പശുക്കളെ കൊണ്ടുവരാനുള്ള ചെലവുൾപ്പെടെ എല്ലാം ക്ഷീര കർഷകസംഘം വഹിക്കാൻ സന്നദ്ധമായിരുന്നു. സർക്കാർ ഖജനാവിൽ നിന്ന് ഒരുരൂപ പോലും ചെലവഴിക്കേണ്ടതുമില്ലായിരുന്നു. എന്നിട്ടും പ്രളയ ദുരിതമനുഭവിക്കുന്ന ആയിരം കുടുംബങ്ങൾക്ക് വരുമാന മാർഗമാകുമായിരുന്ന ഒരു പദ്ധതി ഉദ്യോഗസ്ഥരുടെ താന്തോന്നിത്തം കാരണം നഷ്ടമായിരിക്കുകയാണ്. ഇതുപോലുള്ള ഉദ്യോഗസ്ഥ പ്രമാണിമാരാണ് നാടിന്റെയും നാട്ടാരുടെയും ശാപം. സമൂഹത്തിനു നേരെ എപ്പോഴും മുഖം തിരിഞ്ഞു നിൽക്കുകയും ഏതു നല്ല കാര്യത്തിനും വിഘ്നം വരുത്താൻ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്ന ഇതുപോലുള്ള ഉദ്യോഗസ്ഥരുടെ തേർവാഴ്ചയ്ക്ക് കടിഞ്ഞാണിടാൻ ഭരണകർത്താക്കൾക്കും കഴിയാറില്ലെന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം. ഉദ്യോഗസ്ഥ പ്രമാണിമാർ നൽകുന്ന ഉപദേശം അതേപടി വിഴുങ്ങാൻ മന്ത്രിമാർ തയ്യാറാകുമ്പോൾ ഇതുപോലുള്ള നഷ്ടങ്ങൾ പലതുമുണ്ടാകും. ഈ സംഭവത്തിൽത്തന്നെ സ്വകാര്യ സംഘടനയ്ക്ക് പശുവിന കൊണ്ടുവരാൻ അനുമതി നൽകാനാവില്ലെന്ന ഉപദേശമാണത്രെ മന്ത്രിക്ക് ലഭിച്ചത്. അതിന്റെ സത്യാവസ്ഥ അന്വേഷിച്ചു സ്വയം ബോദ്ധ്യപ്പെടേണ്ടതായിരുന്നു.

പശുക്കളെ കൊണ്ടുവരാൻ ചട്ടലംഘനങ്ങളിൽ പിടിച്ചുതൂങ്ങി നിന്നപ്പോൾ മഹാരാഷ്ട്ര, ഗോവ, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ നൂറുകണക്കിനു പശുക്കളെ മിലിട്ടറി ഫാമുകളിൽ നിന്ന് എങ്ങനെ വാങ്ങിക്കൊണ്ടുപോയി എന്ന് അന്വേഷിക്കുന്നത് കൗതുകകരമാകും. ഇതൊക്കെ അറിയാനും മനസിലാക്കാനും ഇന്നത്തെ കാലത്ത് എത്ര എളുപ്പമാണ്.

പ്രശ്നം അതൊന്നുമല്ല. എന്തിനും ഏതിനും വഴിമുടക്കി മാത്രം ശീലമുള്ള ഉദ്യോഗസ്ഥ പ്രഭുക്കളുടെ സ്ഥിരം നേരമ്പോക്കാണിത്. മനുഷ്യർക്ക് നന്മ ഉണ്ടാകുന്നതൊന്നും തങ്ങൾ ചെയ്യുകയുമില്ല, സൗജന്യമായി ചെയ്യാൻ മുന്നോട്ടു വരുന്നവരെ അതിനു സമ്മതിക്കുകയുമില്ല. ഹജൂർ കച്ചേരി ഉണ്ടായ കാലം മുതൽ നടന്നുവരുന്ന ഏർപ്പാടാണിത്. വെറുതെയാണോ സാമ്പത്തിക വർഷം തീരാൻ ആറു ദിവസം മാത്രം ബാക്കിയുള്ളപ്പോഴും പദ്ധതി വിഹിതത്തിൽ നേർപാതിയും ചെലവഴിക്കാനാകാതെ ഓരോ വകുപ്പും മേലോട്ടു നോക്കിയിരിക്കുന്നത്. പണിയെടുത്തു ശീലമില്ലാത്ത വകുപ്പു മേധാവികളെയും സിൽബന്ധികളെയും കർമ്മനിരതരാക്കാൻ അസാധാരണ നടപടി തന്നെ വേണ്ടിവരും.