തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജിലെ സ്റ്റാഫ് റൂമിലുണ്ടായിരുന്ന പ്രൊജക്ടർ ഒരു സുപ്രഭാതത്തിൽ കാണാനില്ല! പോരെ പുകിൽ.. സംശയങ്ങൾ പല വഴിക്കും നീണ്ടു. കോളേജ് വക അന്വേഷണം തകൃതി. പക്ഷേ, സംഗതി കണ്ടുകിട്ടിയില്ല. അതോടെ പൊലീസിൽ പരാതിപ്പെട്ടു. ഗുണ്ടകളെ തേടി നടക്കുന്ന പൊലീസിനുണ്ടോ ഒരു പ്രൊജക്ടർ കേസ് അന്വേഷിക്കാൻ സമയം.. അന്വേഷണത്തിന് സാ.. മട്ട്. ഒടുവിൽ കോളേജ് അധികൃതർ ഒരു മന്ത്രിയെ വിവരം അറിയിച്ചു. അതോടെ അന്വേഷണത്തിന് ശരവേഗം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡുമൊക്കെ കോളേജിലെത്തി.

അതോടെ സംഗതി സീരിയസായി. അന്വേഷണം തകൃതി

അപ്പോഴാണ് അപ്രതീക്ഷിത ട്വിസ്റ്റ്. പ്രിൻസിപ്പലിനൊരു ഫോൺ കോൾ.. 'സാർ, സാധനം ക്ലാസ് മുറിയിലുണ്ട്..' ജീവനക്കാർ ഓടിപ്പാഞ്ഞ് ക്ളാസ് മുറിയിലെത്തി. സംഗതി കറകറക്ട്. ദേ, ഇരിക്കുന്നു മോഷണം പോയെന്ന് കരുതുന്ന പ്രൊജക്ടർ. സംഭവത്തിന് പിന്നിൽ ചില കുട്ടികളുടെ പിള്ളാരുകളിയാണെന്നാണ് വിവരം.

ക്ളൈമാക്സ് അവിടെ തീർന്നില്ല.. സാധനം തിരികെ കിട്ടിയില്ലേ, ഇനിയെന്തിന് കേസ് എന്നായി അപ്പോഴേക്കും ഒരുപക്ഷം. പരാതി പിൻവലിപ്പിച്ച് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമവും നടക്കുന്നുവത്രേ. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രൊജക്ടർ മുങ്ങിയതും ദിവസങ്ങൾക്കം തിരികെ എത്തിയതും.