തിരുവനന്തപുരം : അഞ്ച് ദിവസത്തെ കേരള സർവകലാശാലാ കലോത്സവത്തിന് ഇന്ന് കാര്യവട്ടം കാമ്പസിൽ തിരിതെളിയും. വെെകിട്ട് നാലിന് വെെസ് ചാൻസലർ മഹാദേവൻ പിള്ള പതാക ഉയർത്തും. അഞ്ചിന് പ്രധാന വേദിയായ അഭിമന്യു നഗറിൽ 'ഹോംഗെ കാമിയാ"എന്ന കലോത്സവം നിപ വെെറസ് ബാധിതരെ പരിചരിക്കുന്നതിനിടെ മരിച്ച നഴ്സ് ലിനിയുടെ ഭർത്താവും മക്കളും അമ്മയും ചേർന്ന് ഉദ്ഘാടനം ചെയ്യും.
പ്രളയാനന്തരം എന്ന പ്രമേയത്തിൽ 'അതിജീവനത്തിന്റെ യുവജനോത്സവം" എന്ന ടാഗ് ലെെനിൽ ചെലവുകൾ വെട്ടിച്ചുരുക്കിയാണ് കലോത്സവം സംഘടിപ്പിക്കുന്നതെന്ന് സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ശ്യാമിലി ശശികുമാറും ജനറൽ സെക്രട്ടറി ആർ.എസ്. ശ്രീജിത്തും പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നായി 3500 വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. നൂറ് ഇനങ്ങളിൽ ഒമ്പത് വേദികളിലായാണ് മത്സരം. ഇന്ന് വൈകിട്ട് 7ന് വേദി 1 'അഭിമന്യു നഗറിൽ" മോഹിനിയാട്ടം, വേദി 2 'ശ്രീദേവി നഗറിൽ" കഥകളി (ആൺ), 9ന് കഥകളി (പെൺ), വേദി 3 'ബാലഭാസ്കർ നഗറിൽ" 7ന് ഗസൽ (പെൺ), 9ന് ഗസൽ (ആൺ). 30ന് സമാപിക്കും.