കുഴിത്തുറ: വസ്തു ഭാഗം വച്ച് നൽകാത്തതിൽ പ്രതിഷേധിച്ച് കുഴിത്തുറ കരിങ്കല്ലിൽ യുവാവ് സ്വന്തം അച്ഛനെ വെട്ടിക്കൊന്ന് കിണറ്റിലിട്ട ശേഷം ഓടി രക്ഷപ്പെട്ടു. കരിങ്കൽ പണ്ടാരവിളയിൽ കൂലിത്തൊഴിലാളിയായ ചെല്ലതങ്കം (62) ആണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാളുടെ മൂത്ത മകൻ അനീഷിനായി (23) കരിങ്കൽ പൊലീസ് അന്വഷണമാരംഭിച്ചു.
ജസിന്ത മേരിയാണ് ചെല്ലതങ്കത്തിന്റെ ഭാര്യ. ഇവർക്ക് അനീഷിനെ കൂടാതെ അനിഷ (26), അജിൻ (21) എന്നീ മക്കളുമുണ്ട്. വസ്തു ഭാഗം വയ്ക്കണമെന്നാവശ്യപ്പെട്ട് അച്ഛനുമായി അനീഷ് നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയും ഇതേച്ചൊച്ചി വീട്ടിൽ വഴക്കുണ്ടായി. മകളുടെ വിവാഹ ശേഷമേ ഭാഗം വയ്ക്കൽ നടക്കുള്ളൂവെന്ന് പറഞ്ഞതോടെ ക്ഷുഭിതനായ അനീഷ് അടുത്തിരുന്ന കത്തിയെടുത്ത് ചെല്ലതങ്കത്തിനെ വെട്ടി കിണറ്റിൽ തള്ളുകയായിരുന്നു.
വീട്ടുകാരുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അനീഷ് രക്ഷപ്പെട്ടിരുന്നു. കിണറ്റിൽ നിന്ന് പുറത്തെടുത്ത മൃതദേഹം പൊലീസ് ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.