congress-manifesto

തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ 'വയനാട് സ്ഥാനാർത്ഥിത്വം' സൃഷ്ടിച്ച അനിശ്ചിതത്വം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വിഷമവൃത്തത്തിലാക്കി. വടകരയിലും വയനാട്ടിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വടകരയിൽ കെ. മുരളീധരന് മാറ്റമുണ്ടാവില്ലെങ്കിലും വയനാട്ടിലെന്ത് എന്നതാണ് ഉയരുന്ന ചോദ്യം.

കോൺഗ്രസിന്റെ പാൻ ഇന്ത്യാ പ്രാതിനിദ്ധ്യമുറപ്പാക്കാൻ യു.പി.എയുടെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായ രാഹുൽഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലും മത്സരിക്കണമെന്ന നിർദ്ദേശം പാർട്ടി നേതൃത്വത്തിൽ നേരത്തേയുണ്ടായിരുന്നു. അപ്പോഴാണ് കർണാടകയുടെയും തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന മണ്ഡലം കൂടിയായ വയനാട്ടിൽ രാഹുൽ മത്സരിക്കണമെന്ന അഭ്യർത്ഥന കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിന് മുന്നിൽവച്ചത്. തമിഴ്നാട്, കർണാടക പി.സി.സികളും അവരവരുടെ സംസ്ഥാനങ്ങളിലേക്ക് ക്ഷണിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അമേതിയിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.

അടുത്തിടെ രാഹുൽ കേരളത്തിൽ വന്നപ്പോൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട്ടിൽ മത്സരിക്കാൻ അഭ്യർത്ഥിച്ചു. വയനാട്ടിലെ സാദ്ധ്യതകളെക്കുറിച്ച് മുല്ലപ്പള്ളി വിശദമായി സംസാരിച്ചപ്പോൾ സശ്രദ്ധം കേട്ടിരുന്ന രാഹുൽ, ഞാനെങ്ങനെ അമേതിവിട്ട് വരുമെന്ന ചോദ്യം തിരിച്ച് ചോദിക്കുകയുണ്ടായി. ഇതിനെല്ലാമൊടുവിലാണ് വയനാട്ടിൽ ടി. സിദ്ദിഖിനെ മത്സരിപ്പിക്കാനുള്ള ധാരണയുരുത്തിരിഞ്ഞത്. സിദ്ദിഖ് പ്രചാരണമാരംഭിച്ചെങ്കിലും വയനാടിനെ ചൊല്ലിയുണ്ടായ ഗ്രൂപ്പ് പോര് മൂർച്ഛിച്ചു.

വയനാട്ടിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ മത്സരിച്ചേക്കുമെന്ന ധ്വനി പരന്നിട്ടും സിദ്ദിഖിലേക്ക് കാര്യങ്ങളെത്തിച്ചത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങളായിരുന്നു. ദക്ഷിണേന്ത്യയിൽ രാഹുൽ മത്സരിക്കുന്നത് നന്നാവുമെന്നും അതിന് പറ്റിയ മണ്ഡലം വയനാടാണെന്നുമുള്ള നിർദ്ദേശം സജീവമാക്കിയത് പ്രവർത്തകസമിതിയിലെ കേരളത്തിൽ നിന്നുള്ള ഉന്നത നേതാക്കളായിരുന്നു. അപ്രതീക്ഷിതമായാണ് ഉമ്മൻ ചാണ്ടി രാഹുലിന്റെ വരവുണ്ടാകുമെന്ന സൂചന മാദ്ധ്യമങ്ങൾക്ക് നൽകിയത്. രാഹുലിനായി പിന്മാറുന്നുവെന്ന് സിദ്ദിഖ് പിന്നാലെ പ്രഖ്യാപിച്ചു. രാഹുൽ മത്സരിച്ചാലും ഇല്ലെങ്കിലും മത്സരിച്ച് ജയിച്ച് പിന്നീടൊഴിഞ്ഞാലും വയനാട്ടിൽ സിദ്ദിഖിന്റെ ക്ലെയിം ഇതിലൂടെ ഉറപ്പാക്കാനായി.

രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിലെ രാഷ്ട്രീയസന്ദേശത്തെ ചോദ്യം ചെയ്ത് സി.പി.എം എത്തിയതോടെ വിഷയത്തിന്റെ മാനം മാറി. വിശാല മതേതര ഐക്യനിരയ്ക്ക് മുൻകൈയെടുക്കേണ്ട കോൺഗ്രസ് ബംഗാളിലുൾപ്പെടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിലെ നീരസം സി.പി.എമ്മും സി.പി.ഐയുമടക്കമുള്ള ഇടതുപാർട്ടികൾക്കുള്ളപ്പോഴാണ് വയനാട് ചർച്ചയുയരുന്നത്. ഇതോടെ, കോൺഗ്രസിന്റെ മൃദു ഹിന്ദുത്വസമീപനമടക്കം തുറന്നുകാട്ടി ശക്തമായി പ്രചരണത്തിനൊരുങ്ങുകയാണവർ. അമേതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പേടിച്ച് രാഹുൽ വയനാട്ടിലേക്ക് പോകുന്നുവെന്ന പ്രചാരണം ബി.ജെ.പിയും അഴിച്ചുവിട്ടു.