പൂവാർ: അരുമാനൂരിൽ പ്രവർത്തിക്കുന്ന പൂവാർ മൃഗാശുപത്രി പരിമിതികളിൽ വീർപ്പുമുട്ടുന്നു.
1961ൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി.അച്ചുതൻ ഉദ്ഘാടനംചെയ്ത ആശുപത്രിയിൽ വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരു വികസനവും ഉണ്ടായിട്ടില്ലത്രേ.ചോർന്നൊലിച്ചും മേൽക്കൂര തകർന്നും അപകടാവസ്ഥയിൽ തുടരുകയാണ് ആശുപത്രി കെട്ടിടം.
1960 ൽ 10 സെന്റ് ഭൂമി അരുമാനൂർ ശ്രീനയിനാർ ദേവക്ഷേത്രം ട്രസ്റ്റ് പൂവാർ പഞ്ചായത്തിന് സംഭാവനയായി നൽകിയിരുന്നു. ഈ ഭൂമിയിലാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മൃഗാശുപത്രി നിർമ്മിച്ചത്. എന്നാൽ ഈ സ്ഥലത്ത് സൗകര്യപ്രഥമായ മൃഗാശുപത്രി നിർമ്മിക്കണമെന്ന ആവശ്യം പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന് നൽകിയിട്ട് വർഷങ്ങളായി.കുറച്ച് നാളുകൾക്ക് മുമ്പ് ഈ ഭൂമിക്ക് പകരം ഭൂമി ആശുപത്രിക്കായി നൽകാമെന്ന് ക്ഷേത്ര ഭരണ സമിതി പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഭൂമി കൈമാറ്റത്തിന് ആവശ്യമായ രേഖകൾ കൈമാറാമെന്ന് ക്ഷേത്ര യോഗവും പഞ്ചായത്തും സംയുക്തമായി തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ നൂലാമാലകളിൽ പെട്ട് പ്രശ്നം പരിഹരിക്കാനാകാതെ തുടരുകയാണ്.