uni
കേരള സർവകലാശാല

തിരുവനന്തപുരം: ആറുമാസം ദൈർഘ്യമുള്ള സെമസ്റ്റർ പഠനം രണ്ടരമാസമാക്കി ചുരുക്കി, അതിവേഗം ബിരുദപരീക്ഷ നടത്താനുള്ള കേരളസർവകലാശാലയുടെ ശ്രമം വിവാദത്തിൽ. അഞ്ചാം സെമസ്റ്റർ കുട്ടികളുടെ പരീക്ഷ അവസാനിച്ചത് ജനുവരി 17നാണ്. ജനുവരി 18ന് തുടങ്ങിയ ആറാം സെമസ്റ്ററിന്റെ പരീക്ഷ ഏപ്രിൽ നാലിന് നിശ്ചയിച്ചിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ്, പരീക്ഷാകലണ്ടർ ഏകീകരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് സെമസ്റ്റർ വെട്ടിച്ചുരുക്കുന്നത്. 50ദിവസത്തെ ക്ലാസിനു ശേഷം സെമസ്റ്റർ അവസാനിപ്പിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. ചില കോളേജുകൾ ഹൈക്കോടതിയെ സമീപിച്ചു. ആറുമാസത്തെ സിലബസ് രണ്ടരമാസം കൊണ്ട് പഠിച്ചുതീർക്കാൻ തങ്ങൾ റോബോട്ടുകളല്ലെന്നാണ് വിദ്യാർത്ഥികളുടെ വാദം. സയൻസ് വിദ്യാർത്ഥികൾക്ക് 250 പേജുകളുള്ള മൂന്ന് റെക്കാഡുകൾ സമർപ്പിക്കാനുണ്ട്. കൂടാതെ പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കണം. ഓരോ വിഷയത്തിനും മൂന്ന് അസൈൻമെന്റുകളുമുണ്ട്. ഇതെല്ലാം രണ്ടരമാസത്തിനിടെ ചെയ്തുതീർക്കുക അസാദ്ധ്യമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

അവസാന സെമസ്റ്റർ കാലയളവായ രണ്ടരമാസത്തിനിടെ കോളേജുകളിലെ ആർട്സ്, സ്പോർട്സ്, യൂണിയൻ, അസോസിയേഷൻ പ്രവർത്തനങ്ങൾ, ടൂർ, പ്രോജക്ടുകൾ, അസൈൻമെന്റുകൾ എന്നിവ ചെയ്തുതീർക്കേണ്ടതുണ്ട്. അവധിദിവസങ്ങളും ഹർത്താൽ ദിനങ്ങളുമുണ്ട്. ഒരു വിഷയവും ഇതുവരെ പഠിപ്പിച്ചു തീർന്നിട്ടില്ല. ഇതിനിടയിൽ ഏപ്രിൽ രണ്ടിന് പ്രോജക്ടുകൾ സമർപ്പിക്കണമെന്ന് സർവകലാശാല സർക്കുലർ പുറപ്പെടുവിച്ചു. സമയം തികയാത്ത വിദ്യാർത്ഥികൾ സർവകലാശാലയെ സമീപിച്ചപ്പോൾ, മന്ത്രിയുടെ നിർദ്ദേശപ്രകാരം ഏകീകൃത അക്കാഡമിക് കലണ്ടർ നടപ്പാക്കാനായി വേഗത്തിൽ പരീക്ഷ നടത്തണമെന്നായിരുന്നു വിശദീകരണം. എല്ലാ സർവകലാശാലകളും ഒരേസമയം പരീക്ഷയും ഫലപ്രഖ്യാപനവും നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം. മതിയായ ക്ലാസുകൾ നടത്താതെ ഏകീകൃത അക്കാഡമിക് കലണ്ടറിനായി പരീക്ഷ നടത്തുന്നതിനെയാണ് വിദ്യാർത്ഥികൾ എതിർക്കുന്നത്.

മൂന്നാം സെമസ്റ്റർ പരീക്ഷയും സെമസ്റ്റർ കാലാവധി പൂർത്തിയാകും മുൻപാണ് നടത്തിയത്. വിദ്യാർത്ഥികൾക്ക് പഠിക്കാനോ തയ്യാറെടുപ്പിനോ സമയം കിട്ടിയില്ല. പരാജയപ്പെടുന്ന വിഷയം, കോഴ്സ് പൂർത്തിയാകും മുൻപ് എഴുതിയെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. പക്ഷേ ആറാം സെമസ്റ്ററിൽ പരാജയപ്പെട്ടാൽ വിദ്യാർത്ഥികൾക്ക് ഒരുവർഷം നഷ്ടമാവും. ഓരോ വിഷയത്തിനും 72മണിക്കൂർ പഠിക്കാനുള്ള സിലബസാണ് സർവകലാശാല അനുവദിച്ചിട്ടുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ ക്ലാസെടുത്തിട്ടും 30മണിക്കൂർ പോലും മിക്ക വിഷയങ്ങളും പഠിപ്പിക്കാനായിട്ടില്ല. ഇന്നുമുതൽ 30വരെ സർവകലാശാലാ കലോത്സവത്തിൽ നിരവധി കുട്ടികൾക്ക് പങ്കെടുക്കേണ്ടതുണ്ട്. ഏപ്രിൽ ആറിന് കുസാറ്റ് എൻട്രൻസിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ അവസരം നഷ്ടമാക്കുന്നതാണ് പുതിയ ടൈംടേബിളെന്നും പരാതിയുണ്ട്. നിലവിലെ ടൈംടേബിൾ പ്രകാരം കേരളയിൽ അന്നും പരീക്ഷയുണ്ട്.

പരീക്ഷ വൈകിയാൽ അവസരം നഷ്ടമാവും.- പി.വി.സി

ഏപ്രിൽ ഒന്നിന് നടത്തേണ്ട പരീക്ഷ ഏതാനും ദിവസം നീട്ടിവയ്ക്കുകയാണ് ചെയ്തതെന്ന് പ്രോ വൈസ്ചാൻസലർ ഡോ. പി.പി.അജയകുമാർ പറഞ്ഞു. കോടതി ഉത്തരവുകൾ പ്രകാരം സെമസ്റ്റർ പഠിപ്പിച്ചു തീർക്കേണ്ടത് കോളേജുകളുടെ ഉത്തരവാദിത്വമാണ്. അക്കാഡമിക് കലണ്ടർ പ്രകാരം സെമസ്റ്റർ വൈകിയാണ് തീരുന്നത്. 90ദിവസത്തെ സെമസ്റ്റർ വേണമെന്ന് നിർബന്ധം പിടിക്കാനാവില്ല. പരീക്ഷ ഇനിയും വൈകിയാൽ വിദ്യാർത്ഥികൾക്ക് മറ്റ് സർവകലാശാലകളിൽ പി.ജി പ്രവേശനത്തിനുള്ള അവസരം നഷ്ടമാവും.- പി.വി.സി വിശദീകരിച്ചു.