തിരുവനന്തപുരം: പൂജപ്പുരയിൽ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വെള്ളയമ്പലം ജലഭവനിലെ ജീവനക്കാരനായ കോവളം കോളിയൂർ മുട്ടയ്ക്കാട് പത്മ ബിൽഡിംഗിൽ സോമൻ നാടാരുടേയും പത്മകുമാരിയുടേയും മകൻ ആദർശ് (34) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.15ന് തിരുമല-പൂജപ്പുര റോഡിൽ എസ്.ബി.ഐ ഹെഡ് ക്വാർട്ടേഴ്‌സിന് മുന്നിലായിരുന്നു അപകടം. തിരുമലയിലെ താമസ സ്ഥലത്തു നിന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു ആദർശ്. ബസിനെ മറികടക്കുന്നതിനിടെ ബസിൽതട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിൽ പെടുകയായിരുന്നു. ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയ ആദർശ് തത്ക്ഷണം മരിച്ചു. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അപകടത്തിനിടയാക്കിയ ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹോദരങ്ങൾ: അരുൺ, അനശ്വര.